ആലുവ (എറണാകുളം): നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ മുൻ ചെയർമാൻ രാഷ്ട്രീയം പറഞ്ഞതിെൻറ നീരസത്തിൽ എൽ.ഡി.എഫിലെ ഏഴ് അംഗങ്ങൾ ഇറങ്ങിപ്പോയി. 2005 - 10 കാലയളവിൽ നഗരസഭ ഭരിച്ച എൽ.ഡി.എഫ് യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയില്ലെന്ന ആരോപണമാണ് 2010 -15 കാലഘട്ടത്തിൽ ചെയർമാനായിരുന്ന എം.ടി. ജേക്കബ് ഉന്നയിച്ചത്.
മാത്രമല്ല, താൻ ചെയർമാനായിരുന്നപ്പോഴാണ് മത്സ്യ മാർക്കറ്റ് നിർമിച്ചതെന്നും നെഹ്റു പാർക്ക് അവന്യൂ ബിൽഡിങ്ങിെൻറ നിർമാണം പൂർത്തിയാക്കിയതെന്നും ജേക്കബ് അവകാശപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ചെയർമാൻ സ്ഥാനാർഥി ഗെയിൽസ് ദേവസി, ശ്രീലത വിനോദ് കുമാർ, വി.എൻ. സുനീഷ്, മിനി ബൈജു, ടിൻറു രാജേഷ്, ദിവ്യ സുനിൽ, ലീന വർഗീസ് എന്നീ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ഉച്ചയ്ക്ക് ശേഷം വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ എല്ലാ അംഗങ്ങളും സംബന്ധിച്ചു.
ആലുവ നഗരസഭ ചെയർമാനായി കോൺഗ്രസിലെ എം.ഒ. ജോണിനെയും വൈസ് ചെയർപേഴ്സനായി ജെബി മേത്തറെയുമാണ് തെരഞ്ഞെടുത്തത്. 26 അംഗ കൗൺസിലിൽ 14 വോട്ട് നേടിയാണ് ജോൺ വിജയിച്ചത്. ഇടതുപക്ഷത്തെ ഗയിൽസ് ദേവസിക്ക് ഏഴും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. പ്രീതക്ക് നാലും വോട്ട് ലഭിച്ചു. ജെബിക്ക് 14 വോട്ടുകൾ ലഭിച്ചു.
എതിർസ്ഥാനാർഥികളായ മിനി ബൈജുവിന് ഏഴും ശ്രീലത രാധാകൃഷ്ണന് നാലും വോട്ട് ലഭിച്ചു. സ്വതന്ത്ര കൗൺസിലർ കെ.വി. സരള ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല. ദീർഘകാലം നഗരസഭയുടെ ചെയർമാനായിരുന്നയാളാണ് ജോൺ. നഗരസഭയിൽ കോൺഗ്രസിന് ഭരണത്തുടർച്ച നഷ്ടമാകാതിരിക്കാനാണ് ഒരു ഇടവേളക്കുശേഷം ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മുന്നിൽ നിർത്താൻ പാർട്ടി തീരുമാനിച്ചത്. തുടർച്ചയായി മൂന്നാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ജെബി മേത്തർ. കഴിഞ്ഞ തവണ ചെയർപേഴ്സൻ സ്ഥാനം വീതിച്ചുനൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായിരുന്ന ജെബിക്ക് ആ സ്ഥാനം നൽകിയിരുന്നില്ല.
ഇതേതുടർന്നാണ് ഇക്കുറി പൂർണമായും വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകാൻ പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചത്. ചെയർമാനെയും വൈസ് ചെയർപേഴ്സനെയും അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡൻറ് ഫാസിൽ ഹുസൈൻ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.