മരട്: ഒരു വർഷമായി മുടങ്ങി കിടന്ന കുമ്പളം - തേവര കടത്ത് സർവിസ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. കുമ്പളം ഫെറിയിൽ കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ കടത്ത് സർവിസ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ ഇടവേളക്കു ശേഷം സർവിസ് ആരംഭിച്ചതിൽ യാത്രക്കാരും നാട്ടുകാരും സന്തോഷത്തിലാണ്. കിലോമീറ്ററുകൾ നടന്ന് നെട്ടൂരിലെത്തിയാണ് സാധാരണക്കാർ തേവരക്ക് പോയിരുന്നത്. എന്നാൽ ഉച്ചക്ക് 1.30ന് കുമ്പളത്ത് നിന്ന് തേവരക്ക് പോയ സർവിസിനിടെ ബോട്ടിന്റെ എൻജിനും ബാറ്ററിയും തകരാറിലായത് കല്ലുകടിയായി. ഇതോടെ പിന്നീടുള്ള സർവിസ് മുടങ്ങി.
വൈകീട്ട് തേവരയിൽ നിന്ന് കുമ്പളത്തേക്ക് പോകാൻ എത്തിയ വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിലായി. എല്ലാവരും ചുറ്റിക്കറങ്ങി നെട്ടൂരിലൂടെ പോകേണ്ട അവസ്ഥയിലായി. ഒരു വർഷത്തിന് ശേഷം ആരംഭിച്ച കടത്ത് ബോട്ട് തകരാറിലായത് വളരെ പ്രയാസപ്പെടുത്തുന്നതാണെന്നും കടത്തില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെയാണെന്നും കുമ്പളം സ്വദേശിനിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ അന്ന പറഞ്ഞു. ബോട്ടിന്റെ എൻജിൻ ബെൻഡെക്സ് തകരാറിലായതാണ് കടത്ത് മുടങ്ങാൻ കാരണമെന്നും ബുധനാഴ്ച മുതൽ സർവിസ് ഉണ്ടാകുമെന്നും ബോട്ടിലെ ജീവനക്കാരൻ പറഞ്ഞു. സർവിസ് മുടക്കം കൂടാതെ നടത്തുന്നതിന് പ്രതിമാസം 33000 രൂപ വീതം ബോട്ട് നടത്തിപ്പുകാർക്ക് പഞ്ചായത്ത് നൽകും. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 15 രൂപയും വിദ്യാർഥികൾക്ക് 5 രൂപയുമായിരിക്കും.
കൂടാതെ ടിക്കറ്റ് ചാർജും നടത്തിപ്പുകാർക്ക് ലഭിക്കും. കുമ്പളം - തേവര കടത്ത് സർവിസ് നേരത്തെ ടെൻഡർ പ്രകാരം എടുത്തവർ ഇടക്ക് നിർത്തിപ്പോയത് വിവാദമായിരുന്നു. സർവിസ് മുടങ്ങാതിരിക്കാൻ ഹൈബി ഈഡൻ എം.പി പുതിയ ബോട്ട് വാങ്ങുന്നതിനായി 20 ലക്ഷം രൂപ മുമ്പ് അനുവദിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.