വൈറ്റില: ഒരിടത്ത് കുരുക്കഴിക്കുമ്പോള്‍ മറുവശത്ത് റോഡ് കുത്തിപ്പൊളിച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ് വൈറ്റില ജങ്ഷനില്‍. തൃപ്പൂണിത്തുറയില്‍നിന്ന് വൈറ്റിലയിലേക്ക് എത്തിച്ചേരുന്ന ഭാഗത്തെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലി പുരോഗമിക്കുന്നതിന്‍റെ ഭാഗമായി റോഡിന്‍റെ ഒരുഭാഗം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ഇതുമൂലം വന്‍ഗതാഗതക്കുരുക്കാണ് രാവിലെയും വൈകീട്ടും. ജോലി രാത്രിയിലാണ് നടക്കുന്നതെങ്കിലും കുത്തിപ്പൊളിച്ചിട്ട ഭാഗം പഴയപടി ഗതാഗതയോഗ്യമാക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
നിലവില്‍ ഒരുഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കുത്തിപ്പൊളിച്ചിട്ട ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. നിലവില്‍ വൈറ്റില കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മുതല്‍ സിഗ്നല്‍ ജങ്ഷന്‍ വരെയാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.
വെള്ളക്കെട്ട് മൂലം റോഡ് തകരുന്നത് പതിവായതോടെയാണ് വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ സിഗ്നല്‍ ജങ്ഷന്‍ വരെ ടൈല്‍ പാകിയത്.
ഈ ഭാഗത്തെ ടൈലുകള്‍ മാറ്റിയാണ് പൈപ്പിടല്‍ ജോലി പുരോഗമിക്കുന്നത്. എന്നാല്‍, ജോലി പൂര്‍ത്തിയായ ഭാഗത്തെ ടൈലുകള്‍ പൂര്‍വസ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വന്‍വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വൈറ്റില സിഗ്നലിന് സമീപത്തായി രൂപപ്പെട്ട കുഴിയില്‍ ഇരുചക്ര വാഹനയാത്രികര്‍ വീഴുന്നത് പതിവായതോടെ സമീപത്തെ ഓട്ടോതൊഴിലാളികള്‍ അപായ സൂചനക്കായി മരക്കൊമ്പ് വെച്ചിരിക്കുകയാണ്.
മണ്ണ് നിരത്തിയ ഭാഗങ്ങളില്‍ മഴയില്ലാത്ത സമയത്ത് പൊടിശല്യം രൂക്ഷമായതിനാല്‍ സമീപത്തെ വ്യാപാരികളും ദുരിതത്തിലാണ്.
സമയബന്ധിതമായി പൈപ്പിടല്‍ ജോലി പൂര്‍ത്തിയാക്കുകയും തീരുന്ന ഭാഗത്തെ റോഡ് ടൈല്‍ വിരിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്നുമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
മേല്‍പ്പാലം വന്നിട്ടും നിരന്തരം ഗതാഗത പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടും ഗതാഗതക്കുരുക്കിന് ശമനമില്ലാത്ത വൈറ്റിലയില്‍ ഇത്തരത്തിലുള്ള അധികൃതരുടെ അലംഭാവം മൂലം യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.