മരട്: രണ്ടുദിവസം പൂർണമായും കുണ്ടന്നൂർ-തേവര പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും നിലവാരം കുറഞ്ഞ രീതിയിലാണ് കുഴികൾ അടച്ചതെന്ന പരാതി വ്യാപകം. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനും ആലുവ എൻ.എച്ച് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്കും മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പരാതി നൽകി.
ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാതെ അറ്റകുറ്റപ്പണി നടത്തിയതിനാൽ പല കുഴികളും ഇപ്പോൾതന്നെ മോശമായ നിലയിലാണ്. തകർന്ന ചില ഭാഗങ്ങൾ തൊട്ടിട്ടുപോലുമില്ല. ചില കുഴികളിൽ എം സാൻഡും ടാറും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. യാത്രക്കാരെ രണ്ടുദിവസം ദുരിതത്തിലാക്കി അറ്റകുറ്റപ്പണി നടത്തിയത് പ്രഹസനമായെന്നും ആക്ഷേപമുണ്ട്. പാലം ചൊവ്വാഴ്ച തുറന്നുനൽകും.
ജോലികൾ കൃത്യമായി ചെയ്യിപ്പിക്കാൻ നേതൃത്വം നൽകേണ്ട ദേശീയപാത അധികൃതരും സ്ഥലം എം.എൽ.എയും എം.പിയും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പാലം അടച്ചതിനെ തുടർന്ന് നഗരത്തിലേക്ക് എത്താൻ വലിയ സാമ്പത്തിക ചെലവും സമയനഷ്ടവുമാണ് ഉണ്ടാകുന്നതെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ് പറഞ്ഞു. കുണ്ടന്നൂക്കാരൻ, എന്റെ മരട്, പൗരസമിതി വാട്സ്ആപ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കുണ്ടന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത ജനകീയ സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.