വൈറ്റില: ഇടപ്പള്ളി-അരൂർ ദേശീയ പാതയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ഡ്രൈവർ രെഞ്ജു (39), വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് ഫാസി (39), ക്ലീനർ ജിജിൻ (29) എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരുടെയും കൈക്കും കാലിനുമാണ് പരിക്ക്. ഇവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ ആറരയോടെ പാലാരിവട്ടം മേൽപ്പാലത്തിന് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ലോറിയുടെ ഡ്രൈവറായ ഫാസി അരൂരിൽനിന്നാണ് ഇവർക്കൊപ്പം വാഹനത്തിൽ കയറിയത്.
ഇടത് വശത്തേക്ക് വട്ടം മറിഞ്ഞ 14 ടയറുള്ള ടോറസ് ലോറിയിൽ നിന്ന് തടികൾ സർവീസ് റോഡിന്റെ ഒരു വശത്ത് നിരന്നു കിടക്കുകയായിരുന്നു. ദേശീയ പാത റോഡിൽ ഒരു വശത്ത് വാഹനം മറിഞ്ഞ് കിടന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ലോഡുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു ലോറി.
ദേശീയപാതയിൽ വെച്ച് പെട്ടെന്ന് വലത് വശത്തുള്ള യുടേൺ തിരിഞ്ഞ സ്കൂൾ ബസിനെ ഇടിക്കാതിരിക്കാൻ പിന്നിലുണ്ടായിരുന്ന ലോറി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.
പിന്നീട് വാഹനം ഇടത് വശത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു. അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. രാവിലെ 10ഓടെ ക്രെയിനുകൾ ഉപയോഗിച്ച് ലോറി ഉയർത്തി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.