മാറാടി സബ്‌സ്‌റ്റേഷനില്‍നിന്ന്​ മൂവാറ്റുപുഴ ടൗണിലേക്ക്​ വൈദ്യുതി വിതരണത്തിനുള്ള യു.ജി കേബിള്‍ പദ്ധതിയുടെ നിര്‍മാണം എല്‍ദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു

വൈദ്യുതി മുടക്കത്തിന് പരിഹാരം; യു.ജി കേബിള്‍ പദ്ധതിക്ക്​ തുടക്കം

മൂവാറ്റുപുഴ: ടൗണിലും സമീപത്തും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാൻ നടപ്പാക്കുന്ന കെ.എസ്.ഇ.ബിയുടെ യു.ജി കേബിള്‍ പദ്ധതി (അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ പദ്ധതി) നിർമാണത്തിന് തുടക്കമായി. മാറാടി സബ്‌ സ്​റ്റേഷനില്‍നിന്ന്​ എം.സി റോഡ് വഴി പി.ഒ ജങ്​ഷനിലേക്കും മാറാടി ആരക്കുഴ മൂഴി വഴി പി.ഒ ജങ്​ഷനിലെത്തിക്കുന്ന രീതിയിലാണ് കേബിള്‍ വലിക്കുന്നത്.

ഇതിനായി 4.90 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് 16 കിലോമീറ്റര്‍ കേബിളാണ് വലിക്കുന്നത്. മൂവാറ്റുപുഴ ടൗണിലും പരിസരത്തും വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവായിരുന്നു. ഏതെങ്കിലും ഇലവന്‍ കെ.വി ലൈനില്‍ കേടുപാട്​ സംഭവിച്ചാല്‍ സബ്‌സ്​റ്റേഷനില്‍ ലൈന്‍ ഓഫ് ചെയ്യുന്നതുമൂലം ഒരു പ്രദേശത്താകെ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഇതോടൊപ്പം തന്നെ ചെറുതും വലുതുമായ കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. വൈദ്യുതി മുടക്കത്തിനെതിരെ വ്യാപാരികളില്‍നിന്ന് അടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.

മൂവാറ്റുപുഴ ടൗണിലെയും സമീപത്തെയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

തുടര്‍ന്നാണ് യു.ജി കേബിള്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചത്. പദ്ധതിയുടെ നിർമാണം ആരംഭിച്ച ആരക്കുഴ-പണ്ടപ്പിള്ളി റോഡില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി.

Tags:    
News Summary - Solution to power outage; Launch of UG Cable Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.