പെരുമ്പാവൂര്‍: കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം രൂക്ഷമായതോടെ ജനം വലയുന്നു. പെരുമ്പാവൂരിൽ 50, 100 എന്നിവയുടെ പത്രങ്ങള്‍ ലഭ്യമല്ലാതായി. സമീപ പ്രദേശങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, പുത്തന്‍കുരിശ്, ശ്രീമൂലനഗരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വാങ്ങിയാണ് പലരും ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
അവിടങ്ങളിലും സ്റ്റോക് തീര്‍ന്നതോടെ ആവശ്യക്കാർ വലയുകയാണ്. 5000 രൂപക്ക് മുകളിലേക്കുള്ള തുകയുടെ മുദ്രപ്പത്രങ്ങളാണ് കുന്നത്തുനാട് സബ്ട്രഷറി വഴി സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്ക് ലഭിക്കുന്നത്.
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളില്‍ ആധാരങ്ങളും കരാറുകളും തയാറാക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ എഴുത്തുകാരും പ്രതിസന്ധിയിലാണ്. ലൈഫ് മിഷന്‍ അപേക്ഷകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് റെസിഡൻറ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും തടസ്സം നേരിടുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 200 രൂപ മുദ്രപ്പത്രത്തില്‍ തയാറാക്കിയ വാടക കരാര്‍ ഹാജരാക്കേണ്ടതുണ്ട്. കൂടാതെ വാടക കരാറുകള്‍ക്കും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ ആവശ്യമാണ്.
ഡിപ്പോയില്‍ സ്റ്റോക് ഇല്ലാത്തതിനാലാണ് ക്ഷാമം നേരിടുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കുന്നത്തുനാട് താലൂക്കിെൻറ ആസ്ഥാനം കൂടിയായ പെരുമ്പാവൂരില്‍ മുദ്രപ്പത്രത്തിന് ആവശ്യക്കാര്‍ ഏറെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുദ്രപ്പത്രം എത്താന്‍ ഇനിയും കാലതാമസം എടുക്കുമെന്നും പറയുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിക്ക് മുമ്പും ഇവിടെ മുദ്രപ്പത്ര ക്ഷാമമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് പ്രിൻറ് ചെയ്യുന്നത്. സര്‍ക്കാര്‍ അടിയന്തരമായി മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എം. ബഷീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.