വൈപ്പിൻ: ഞാറക്കൽ എക്സൈസ് റൈഞ്ച് വൈപ്പിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. പുതുവൈപ്പ് സർക്കിൾ പാർട്ടികൾ, എൽ.എൻ.ജി, വളപ്പ്, എളങ്കുന്നപ്പുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഹഷീഷ് ഓയിൽ, മെത്ത് ആംഫിറ്റമിൻ, എം.ഡി.എം.എ മുതലായ ലഹരിമരുന്നുകളുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. പരുത്തിക്കടവ് തറയപറമ്പിൽ വീട്ടിൽ റോണി (24), അയോധ്യപുരം കോളനിയിൽ കുന്നത്ത് വീട്ടിൽ റിൻഷാദ് (26), വളപ്പ് കടപ്പുറം കരയിൽ മരയ്ക്ക പറമ്പിൽ വിഷ്ണുജിത്ത് (22 ) എന്നിവരാണ് അറസ്റ്റിലായത്. റോണിയുടെ വീട്ടിൽ നിന്ന് 800 മി.ഗ്രാം മെത്ത് ആംഫിറ്റമിൻ എന്ന രാസലഹരിയും, റിൻഷാദിന്റെ വീട്ടിൽ നിന്ന് മൂന്നു ഗ്രാം ഹാഷിഷ് ഓയിലും, വിഷ്ണുജിത്തിന്റെ വീട്ടിൽ നിന്ന് എം.ഡി.എം.എ വിഭാഗത്തിൽപ്പെടുന്ന വിലകൂടിയ അഞ്ചു ഗ്രാം ഗോൾഡൻ മെത്ത് എന്ന രാസ ലഹരിയുമാണ് പിടികൂടിയത്. വിഷ്ണു ജിത്ത് പൊലീസിലും വിവിധ കേസുകളിൽ പ്രതിയാണ്.
വൈപ്പിൻ തീരപ്രദേശങ്ങളിൽ ലഹരിമരുന്ന് എത്തിച്ചേരുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ്അധികൃതർ കുറച്ച് ദിവസങ്ങളായി പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കേസുകൾ കണ്ടെത്തിയത്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. വരുംദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ അസി. ഇൻസ്പെക്ടർ ഹാരിസ്, പ്രിവന്റീവ് ഓഫീസർമാരായ റൂബൻ, ഷിബു, സിവിൽ എക്സൈസ് ഓഫിസർമാരായ ഷൈൻ, ശ്രീരാജ്, ദീപു ദേവദാസ്, അരവിന്ദ്, രാജി ജോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജിമോൾ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.