കൊല്ലം എസ്.എൻ കോളജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതിപരിഹാര അദാലത് ‘സാന്ത്വന സ്പർശ’ത്തിൽ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പരാതികൾ പരിശോധിക്കുന്നു
കൊല്ലം: കൊല്ലം താലൂക്കിലെ 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി ഒരു കോടി മുപ്പത്തി രണ്ട് ലക്ഷത്തി അയ്യായിരം രൂപ അനുവദിച്ചു. ആറ് പട്ടയങ്ങളും ഫിഷറീസ് വകുപ്പിെൻറ ഭവന നിര്‍മാണ ധനസഹായമായി ആറുപേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ചടങ്ങില്‍ െവച്ച് മന്ത്രിമാര്‍ നല്കി. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമെ ഇന്നലെ മാത്രം 1847 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 508 അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായ അഭ്യർഥനകളായിരുന്നു. നേരത്തേ ഓണ്‍ലൈനായി കൊല്ലം താലൂക്കില്‍ മാത്രം 2558 പരാതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ധനസഹായത്തിനായി 299 അപേക്ഷകളുമാണ് ലഭിച്ചത്. ഇതില്‍ 1114 അപേക്ഷകള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കി. നേരത്തേ ഓണ്‍ലൈനില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ക്ക് പുറമെയുള്ള കണക്കാണിത്. 25,000 രൂപക്ക് മുകളില്‍ തുക ലഭിക്കേണ്ടത് ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടവ മുകള്‍തട്ടിലേക്ക് പരിഗണനക്കയച്ചു. സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസം അനുവദിക്കേണ്ടവയില് ഒരാഴ്ചക്കുള്ളില്‍ ധനസഹായം ലഭിക്കും.
ചെറുപ്രായത്തില്‍ മാതാപിതാക്കൾ നഷ്ടപ്പെട്ട ദീപക് ലാലുവിനും കിരണ്‍ ലാലുവിനും സ്വന്തമായി ഭൂമി എന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമായി. പരവൂര്‍ നഗരസഭയില്‍ മൂന്ന് സെൻറ് സ്ഥലം അനുവദിച്ചതിെൻറ പട്ടയം അദാലത്തില്‍ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
പരവൂര്‍ വില്ലേജില്‍ പോളച്ചിറ ചെമ്മങ്കുളം സ്വദേശികളായ ദീപക്കിന് ഏഴ് വയസ്സും കിരണിന് രണ്ട് വയസ്സുമുള്ളപ്പോഴാണ് ട്രെയിനപകടത്തില്‍ പിതാവ് മരിച്ചത്. പിന്നീട്, വാഹനാപകടത്തില്‍ അമ്മയെയും ഇവര്‍ക്ക് നഷ്ടമായി. ദീപക് പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോൾ ദയനീയ അവസ്ഥ അറിഞ്ഞ അധ്യാപകനായ അനൂപ് രാജാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
മൈലക്കാട് സ്വദേശിയായ ജന്മനാ ഇരുകാലുകളുമില്ലാത്ത ക്രിസ്റ്റഫറിന് (70) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 25,000 രൂപയുടെ ധനസഹായം അനുവദിച്ചു. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടുകൂടിയാണ് ജീവിതം മുന്നോട്ടു പോകുന്നത്.
മകൻറ ചികിത്സാ ധനസഹായത്തിനെത്തിയ വീട്ടമ്മക്ക് വസ്തുവും വീടും നല്‍കുമെന്ന് ഉറപ്പ് ലഭിച്ചു. ശക്തികുളങ്ങര എസ്.എ.വി നഗര്‍ സ്വദേശികളായ സിന്ധു-വിജയൻ ദമ്പതികളുടെ ഇളയ മകന് വിജേഷിന് പരസഹായമില്ലാതെ ചലിക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ്. വിവരങ്ങള്‍ മന്ത്രിമാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് താമസിക്കാന്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടത്. 25,000 രൂപ ചികിത്സാ ധനസഹായം അനുവദിച്ചതിനൊപ്പം ലൈഫ് മിഷെൻറ മൂന്നാം ഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കാമെന്ന് മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും കെ. രാജുവും ഉറപ്പുനല്‍കി.
കൃത്രിമ കാലുകളുടെ സഹായത്താല്‍ ജീവിതം മുന്നോട്ടു നയിക്കുന്ന കൊല്ലം കൂട്ടിക്കട സ്വദേശി ഷാനിന് സഹകരണ വകുപ്പിെൻറ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. അടുത്ത മന്ത്രിസഭയിൽ ജോലിയുടെ കാര്യം ചര്‍ച്ചയിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.
വാടി-തങ്കശ്ശേരി തുറമുഖ റോഡ് വികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിച്ച ആറ് കുടുംബങ്ങള്‍ക്ക് വീട് യാഥാര്‍ഥ്യമാകും. ആൻറണി സെബാസ്റ്റ്യന്‍, വിന്‍സൻറ്, ലോറന്‍സ്, മാക്സന്, ജോസഫ്, ഫാബിയാസ് എന്നിവര്‍ക്കാണ് നാലു ലക്ഷം രൂപ വീതം നല്കാന് ഉത്തരവായത്. ആദ്യഗഡുവായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാതെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത് 'സാന്ത്വന സ്പർശം'. കൊല്ലം താലൂക്കിൽ ഉള്ളവർക്കായി എസ്.എൻ കോളജിലാണ് അദാലത് നടന്നത്. രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉൾെപ്പടെ എല്ലാം തകിടം മറിഞ്ഞു. രജിസ്ട്രേഷനായി ഞെങ്ങിഞെരുങ്ങിയാണ് ആളുകൾ വരിനിന്നത്. ഓരോ കൗണ്ടറിലും ആൾക്കാർ തിക്കിത്തിരക്കുകയായിരുന്നു. പ്രായം കൂടുതലുള്ളവരാണ് കൂടുതലും അദാലത്തിനെത്തിയത്. കോവിഡ് വ്യാപനം വർധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മാനദണ്ഡം പാലിക്കാതെയുള്ള ആൾക്കൂട്ടം വിമർശനത്തിനിടയാക്കി. മന്ത്രിമാരുടെ അടുത്തേക്കും പരാതിയുമായി കൂട്ടംകൂടിയാണ് ആൾക്കാർ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലകൊണ്ടെങ്കിലും കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ കർശനമായ ഇടപെടൽ ഉണ്ടായില്ല. സർക്കാറിെൻറ അദാലത് ആയതിനാൽ പരിപാടിക്കെത്തിയവരെ സ്വീകരിക്കുന്നതല്ലാതെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആരും ഇടപെടൽ നടത്തിയില്ല. സാമൂഹിക അകലം പാലിക്കാതെയുള്ള ഒത്തുചേരൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.