കൊല്ലം കോർപറേഷന് മുൻവശത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ ഓയിലും ഗ്ലാസ് ചില്ലുകളും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കഴുകിക്കളയുന്നു
കൊല്ലം: നഗരത്തിൽ സ്വകാര്യബസും രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. ആളിനെ ഇറക്കാൻ നിർത്തിയ സ്വകാര്യ ബസിന് പിന്നിൽ കെ.എസ്.ആർ.ടി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇടിച്ചുകയറിയാണ് അപകടം. കോർപറേഷൻ ഓഫിസിന് എതിർവശത്ത് എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് അപകടം.
ഗുരുതര പരിക്കേറ്റ എട്ടുപേർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വന്ന സ്വകാര്യബസിന് പിന്നിൽ തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയും ഈ ബസിൽ പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുമാണ് അപകടം ഉണ്ടായത്.
സ്വകാര്യ ബസ് സ്റ്റോപ് കഴിഞ്ഞ് നിർത്തിയത് കണ്ട് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന പാറശാല ഡിപ്പോയിലെ ബസ് പെട്ടെന്ന് നിർത്തി. പിറകെ വന്ന മാവേലിക്കര ഡിപ്പോയിലെ ബസ് ഈ ബസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബസ് മുന്നോട്ടുനീങ്ങി സ്വകാര്യബസിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്റ്റോപ്പിൽ നിർത്തിയതിനുശേഷം മുന്നോട്ടെടുത്ത സ്വകാര്യബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പറഞ്ഞു. ഇരുബസുകൾക്കും നടുക്ക് കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർ ഉൾപ്പെടെ ഉള്ളവർക്കാണ് കാര്യമായി പരിക്കേറ്റത്.
കെ.എസ്.ആർ.ടി.സി പാറശ്ശാല ഡിപ്പോ ഡ്രൈവർ ഗോപകുമാർ, കണ്ടക്ടർ ശ്രീകുമാർ, യാത്രക്കാരായ മുളന്തുരുത്തി സ്വദേശി ജോസ്, ചാത്തന്നൂർ സ്വദേശി പ്രണവ്, മാതാവ് ദിവ്യ, പാരിപ്പള്ളി സ്വദേശി നിമിഷ, വള്ളിക്കുന്ന് സ്വദേശി രോഹിണിയമ്മ, ചാത്തന്നൂർ സ്വദേശിനികളായ വിജയമ്മ, ജയശ്രീ എന്നിവരാണ് ഗുരുതരപരിക്കുകളോടെ ചികിത്സയിലുള്ളത്.
കൈകാലുകൾക്കും മുഖത്തുമാണ് പലർക്കും പരിക്ക്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസിന്റെയും മുൻഭാഗത്തെ ചില്ല് തകർന്നു. ഒരു കെ.എസ്.ആർ.ടി.സി ബസിന്റെയും സ്വകാര്യ ബസിന്റെയും പിൻഭാഗത്ത് കേടുപാടുണ്ടായി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.