ചാത്തന്നൂർ: ഭാര്യമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പുറം ഗ്രീഷ്മ ഭവനിൽ രത്നമ്മയെ (80) ആണ് മരുമകൻ മണിയപ്പൻ (62) തലക്കടിച്ചു പരിക്കേൽപിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ ആറരയോടെയാണ് സംഭവം. രത്നമ്മയുടെ വീടിനോട് ചേർന്ന ഷെഡിലാണ് മണിയപ്പൻ താമസിക്കുന്നത്. രാവിലെ വീടിന് പുറത്തുവെച്ച് വാക്കുതർക്കത്തെ തുടർന്ന് മരകഷണം വച്ച് രത്നമ്മയുടെ തലക്ക് അടിച്ചു. തുടർന്ന് അടുക്കളയിൽ നിന്ന് സിലിണ്ടർ എടുത്ത് കിടപ്പുമുറിയിൽ കൊണ്ടുവെച്ച് ഗ്യാസ് തുറന്ന് വിട്ട് വീടിന് തീയിട്ട മണിയപ്പൻ ബാത്ത്റൂമിൽ കയറി കഴുത്തിലെ ഞരമ്പ് മുറിച്ചു.
ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും സിലിണ്ടർ പൊട്ടി തെറിച്ചത് മൂലം അടുക്കാനായില്ല. നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷ സേനയെയും വിവരം അറിയിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകർന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു.
പരവൂരിൽ നിന്ന് അഗ്നിരക്ഷാസേന സംഘം എത്തി തീയണച്ചതിന് ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത്. കഴുത്ത് മുറിക്കാൻ ഉപയോഗിച്ച കത്തിയും സമീപത്ത് ഉണ്ടായിരുന്നു. അവശ നിലയിലായ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ഇരുവരുടെയും സ്ഥിതി ഗുരുതരമായി തുടരുന്നു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാരിപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. മണിയപ്പന്റെ ഭാര്യ സുനിത തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.