ഇരവിപുരം: ഇന്നും അവഗണനയുടെ ട്രാക്കിലാണ് ഇരവിപുരം റെയിൽവെ സ്റ്റേഷൻ. കൊല്ലം-തിരുവനന്തപുരം റെയിൽപാത രൂപംകൊണ്ട കാലത്താണ് ഈ സ്റ്റേഷൻ ആരംഭിച്ചത്. പാസഞ്ചർ, മെമു എന്നിവക്ക് മാത്രം സ്റ്റോപ്പുണ്ടായിരുന്ന ഇവിടെ നിർത്തിക്കൊണ്ടിരുന്ന മധുര ട്രെയിനിന്റെ സ്റ്റോപ് കോവിഡ്ക്കാലത്ത് നിർത്തലാക്കിയിരുന്നു.
മറ്റിടങ്ങളിൽ പുനഃസ്ഥാപിച്ചെങ്കിലും ഇരവിപുരത്തെ അധികൃതർ അവഗണിക്കുകയായിരുന്നു. എം.പിയടക്കമുള്ളവർക്ക് നാട്ടുകാരും ട്രെയിൻ യാത്രക്കാരുടെ സംഘടനകളും നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. വൈകീട്ട് ആറിനുശേഷം പോകുന്ന ഈ ട്രെയിൻ മധുരയിലെ ആശുപത്രിയിൽ പോകുന്നവർക്കും, ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ഥിരംയാത്രക്കാർക്കും ഏറെ ഉപകാരമായിരുന്നു.
ഈ ട്രെയിനിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇപ്പോൾ കൊല്ലത്തോ മയ്യനാട്ടോ പോയി കയറേണ്ട സ്ഥിതിയാണ്. ടിക്കറ്റ് വിൽപനക്ക് കരാർ വ്യവസ്ഥയാണ് ഇവിടെ. ഇത് ഒഴിവാക്കി റെയിൽവേ നേരിട്ട് ടിക്കറ്റ് വിൽപന ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹികവിരുദ്ധ സംഘങ്ങളും ലോട്ടറി, മയക്കുമരുന്ന് വിൽപന സംഘങ്ങളും പ്ലാറ്റ്ഫോം താവളമാക്കിയിരിക്കുകയാണ്. ഇവരുടെ ശല്യംകാരണം സ്ത്രീകൾക്ക് ഇതുവഴി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
പൊലീസ് സ്റ്റേഷൻ അടുത്തുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല. പ്ലാറ്റ്ഫോമിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലുംകത്താറില്ല. സ്റ്റേഷന് മുന്നിലെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.