പിടിയിലായ പ്രതി
കടയ്ക്കൽ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ. മടത്തറ, കൊല്ലായിൽ, ചല്ലിമുക്ക്, കാലായിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിൽപനയും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കാലായിൽ തോട്ടിൻങ്കര വീട്ടിൽ അക്ഷയ് (20), കാലായിൽ തടത്തരികത്ത് വീട്ടിൽ അനന്തു (21) എന്നിവരുടെ പേരിൽ കേസെടുത്തു.
സംഭവത്തിൽ രണ്ടാം പ്രതി അനന്തു പിടിയിലാവുകയും ഒന്നാംപ്രതി അക്ഷയ് എക്സൈസ് ഉദ്യോഗസ്ഥരായ ശ്രേയസ്, ഉമേഷ് എന്നിവരെ ആക്രമിച്ച് കടന്നുകളയുകയുമായിരുന്നു. ഇയാളുടെ പേരിൽ മുമ്പും കഞ്ചാവ് കേസുകൾ ചടയമംഗലം എക്സൈസ് ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മടത്തറയിലും സമീപപ്രദേശങ്ങളിലും യുവാക്കൾക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിച്ചുകൊടുക്കുന്ന ആളാണ് അക്ഷയ്. ഇയാൾ കച്ചവടം ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണും എക്സൈസ് സംഘം പിടിച്ചെടുത്തു. ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഘത്തിലുള്ള മറ്റുള്ളവരെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികളും സ്വീകരിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മടത്തറ, കൊല്ലായിൽ ഭാഗങ്ങളിൽനിന്ന് അഞ്ചുപേർക്കെതിരെയാണ് ചടയമംഗലം എക്സൈസ് സംഘം ലഹരിഉപയോഗവുമായി ബന്ധപ്പെട്ട് കേസുകൾ എടുത്തത്. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ ബിനേഷ്, സനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സബീർ, ജയേഷ്, മാസ്റ്റർ ചന്തു, സാബു ശ്രീജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.