കണ്ണനല്ലൂർ: കൊട്ടിയം-കുണ്ടറ റോഡില്‍ കണ്ണനല്ലൂര്‍ എസ്.ബി.ഐ മുതല്‍ എസ്.ആര് ജങ്ഷന് വരെയുള്ള ഭാഗം ഇന്റര്‍ലോക്ക് പാകി പുനർനിർമിക്കും. തിങ്കളാഴ്ച പ്രവൃത്തി ആരംഭിക്കുന്നതിനാൽ കൊട്ടിയം-കുണ്ടറ റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
കൊട്ടിയം-കുണ്ടറ റോഡിന് രണ്ട് ഘട്ടമായി നാലരക്കോടി രൂപ അനുവദിച്ചെങ്കിലും പ്രവർത്തി ആരംഭിച്ചിട്ടില്ല. 2023- 24 ബജറ്റിൽ ആശുപത്രിമുക്ക് മുതൽ പെരുമ്പുഴവരെ ആദ്യ റീച്ചിന്റെ നിർമാണ പ്രവർത്തികൾക്ക് രണ്ട് കോടി രൂപയും 2024-25 ബഡ്ജറ്റിൽ പെരുമ്പുഴ മുതൽ കണ്ണനല്ലൂർ വരെ രണ്ടരക്കോടി രൂപയുമാണ് അനുവദിച്ചത്.
ആദ്യ റീച്ചിൽ അഞ്ചുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ എടുക്കാൻ ആരും തയാറായില്ല. ആറാം തവണയാണ് ഒരാൾ കരാർ ഏറ്റെടുത്തത്. രണ്ടാം റീച്ചിന്റെ പ്രവർത്തിക്ക് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. രണ്ടാംതവണ ടെൻഡറിനുള്ള നടപടി നടക്കുകയാണ്.
പ്രവൃത്തി നീളുന്ന സാഹചര്യത്തിലാണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എസ്.ബി.ഐ ബാങ്ക് മുതല്‍ എസ്.ആര് ജങ്ഷന് വരെ അടിയന്തരമായി ഇന്റർലോക്ക് ചെയ്യാൻ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് തീരുമാനമായത്. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട ആലോചനയോഗം തൃക്കോവിൽവട്ടം പഞ്ചായത്ത് ഹാളിൽ നടന്നു.
പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, വൈസ് പ്രസിഡന്റ് ശിവകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ, സെക്രട്ടറി അജിത്, എ.ഇ. ദീപു രാജൻ, ഓവർസിയർ അർജുൻ, കരാറുകാരൻ വിപിൻ ഭരതൻ, എസ്.ഐ സുമേഷ്, വ്യാപാരി പ്രതിനിധികൾ നവാസ് പുത്തൻ വീട്, അൻസാർ, ഷംലാൽ, നിസാമുദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.