കുണ്ടറ: ഇന്നത്തെ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബാലറ്റ് പെട്ടി. 90കൾക്ക് മമ്പുവരെ വോട്ടിങ് കേന്ദ്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഇവ. ഇ.വി.എമ്മിനും വോട്ടുയന്ത്രങ്ങൾക്കും മുന്നെ വോട്ടുപെട്ടികൾ ബൂത്തുകളിലേക്ക് എത്തിയിരുന്നത് ആഘോഷത്തോടെയായിരുന്നു. ആദ്യകാലങ്ങളിൽ ഒരു ബൂത്തിൽ ഓരോ സ്ഥാനാർഥികൾക്കും ഓരോ ബാലറ്റ് പെട്ടിയായിരുന്നു. പിന്നീട് ഇവയുടെ പരിമിതികൾ മനസ്സിലാക്കി ബൂത്തിൽ ഒരു പെട്ടി മാത്രമായി ചുരുങ്ങി. അതിനുശേഷമായിരുന്നു വോട്ടുയന്ത്രങ്ങളുടെ കടന്നുവരവ്. കേട്ടുകേഴ്വിയില്ലാത്ത ബാലറ്റ് പെട്ടിയില്‍ വരും തലമുറക്കായി ഒന്ന് തേടിപ്പിടിച്ച് കരുതി സൂക്ഷിക്കുകയാണ് ഫെസ്റ്റസ് മനോജ്.
കുണ്ടറയിലുള്ള ‘മനോരേഷ്മ’ എന്ന തന്റെ വീടിന്റെ ഭാഗമായ ഒരു ചെറിയ മ്യൂസിയത്തിലാണ് അദ്ദേഹം ഒരു പുരാവസ്തുവായി ഇത് സൂക്ഷിച്ചിരിക്കുന്നത്. 1990നു ശേഷം ജനിച്ചവര്‍ക്ക് വോട്ടുപെട്ടി ഒരത്ഭുത വസ്തുവാണ്. അരനൂറ്റാണ്ടിന് മുമ്പ് ജനിച്ചരാണ് പല തെരഞ്ഞെടുപ്പുകളില്‍ വോട്ടുപെട്ടിയില്‍ ബാലറ്റ് മടക്കി ഇട്ടിട്ടുള്ളവര്‍. അവരില്‍ പലര്‍ക്കും ഇപ്പോള്‍ ആ പെട്ടിയുടെ രൂപവും വലുപ്പവുമൊന്നും ഓര്മയിലുണ്ടാവില്ലെന്ന് മനോജ് പറയുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ 12 ലക്ഷത്തോളം ബാലറ്റ് പെട്ടികള്‍ നിര്‍മിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിനായി പലകമ്പനികള്‍ക്കും കരാര്‍ നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കരാറെടുത്ത ഹൈദരാബാദിലുള്ള ആല്വിന് കമ്പനി നിര്‍മിച്ച ബോക്സാണ് ഫെസ്റ്റസ് മനോജിന്റെ ശേഖരത്തിലുള്ളത്. പെട്ടിക്ക് മുകളിൽ ‘ALLWYN 1951’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.വി.എം സര്‍വസാധാരണമായതോടെ വോട്ടുപെട്ടികള്‍ ആക്രിവിഭാഗത്തിലേക്ക് മാറി.
ചിലരൊക്കെ വോട്ടുപെട്ടിയല്ല വെറും കാഷ് ബോക്സാണെന്ന് പരിഹസിക്കുന്നുമുണ്ട്. അതിനും ഒരു കാരണമുണ്ടാകാം. തെരഞ്ഞെടുപ്പ് കമീഷനും ഇത് ആക്രിവിലയ്ക്ക് വിറ്റു. ആക്രിവാങ്ങിയവരില് ചിലര്‍ ഇത് പെയിന്റടിച്ച് കടകളില്‍ കാശുപെട്ടിയായി ഉപയോഗിക്കുകയും ചെയ്തു. പുരാവസ്തു ശേഖരിക്കുന്ന പലരുടെ കൈകളിലും ഈ വോട്ടുപെട്ടിയുണ്ടെങ്കിലും അവരില്‍ പലരും സത്യത്തിലിത് തിരിച്ചറിയാതെ കാശുപെട്ടിയായി കരുതിയിരിക്കുകയാണ്. ഇലക്ട്രോണിക്സ് വോട്ടിങ് മെഷീന്റെ കാലത്ത് സത്യസന്ധമായി വോട്ട് രേഖപ്പെടുത്തിയിരുന്ന വോട്ടുപെട്ടി ഇന്നൊരു ഓർമ മാത്രമാണ്. മനോജിന്റെ ശേഖരത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും കുണ്ടറ അസംബ്ലി മണ്ഡലത്തിലെയും കൊല്ലം ലോക്സഭ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍ പുറത്തിറക്കിയ അഭ്യർഥനകളും ആശംസാകാര്‍ഡുകളും എല്ലാം ഭദ്രമാണ്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും നാണയങ്ങള്‍, കറന്‍സി നോട്ടുകള്‍, സ്റ്റാമ്പുകള്‍, കാമറകള്‍, ക്ലോക്കുകള്‍, റേഡിയോകള്‍, ടൈപ് റൈറ്ററുകള്‍ തുടങ്ങി പഴയകാല അപൂര്‍വ വസ്തുക്കളുടെ വന്‍ ശേഖരമാണ് മനോജ് സ്വന്തമാക്കി സൂക്ഷിക്കുന്നത്. മാതാവ് ബിയാട്രീസിന്റെ നിർലോപമായ പ്രോത്സാഹനമാണ് കുട്ടിക്കാലം മുതല്‍ മനോജ് ഈ മേഖലയില്‍ ശ്രദ്ധചെലുത്താന്‍ കാരണമായത്.
ഭാര്യ ജിലു ജോസഫും, മകന് അലക്സ് ക്രിസ്റ്റഫറും മനോജിനൊപ്പം അപൂര്‍വ ശേഖരങ്ങളുടെ സൂക്ഷിപ്പുകാരായി കൂടെയുണ്ട്.കഴിഞ്ഞ 37 വര്‍ഷമായി തുടര്‍ന്നുവരുന്ന തപസ്യയാണ് ഇത്തരം വലിയ ശേഖരം ഒരുക്കാന്‍ മനോജിനെ പ്രാപ്തനാക്കിയത്. കോളജ് അധ്യാപകനായ ഫെസ്റ്റസ് മനോജ് എം.കോം, എം.ബി.എ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.