കുണ്ടറ: പടപ്പക്കരയിൽ മാതാവിനെയും മുത്തശ്ശനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ശ്രീനഗറിൽ പിടിയിൽ. പടപ്പക്കര പുഷ്പ വിലാസത്തിൽ അഖിലാണ് പിടിയിലായത്. ആഗസ്റ്റ് 16ന് പടപ്പക്കര പുഷ്പ വിലാസത്തിൽ പുഷ്പലത, പിതാവ് ആൻറണി എന്നിവരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
സംഭവശേഷം പുഷ്പ ലതയുടെ ഫോണും എ.ടി.എം കാർഡുമായി കടന്ന മകൻ അഖിൽ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഹോട്ടലുകളിലും കടകളിലും ജോലി ചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. പ്രധാന ബാങ്കുകളുടെ ഹെഡ് ഓഫിസ് വഴി ഇയാൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് കണ്ടെത്തിയാണ് പ്രതിയിലേക്ക് പൊലീസെത്തിച്ചേർന്നത്.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കടകളിൽ ജോലിക്ക് നിന്നിരുന്ന പ്രതി സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം അയപ്പിച്ചിരുന്നത്. 25 ദിവസം മുമ്പ് അഖിലിന്റെ അക്കൗണ്ടിൽനിന്ന് ശ്രീനഗറിൽനിന്ന് പണം പിൻവലിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന അഖിലിനെ പിടികൂടിയത്.
കുണ്ടറ എസ്.എച്ച്.ഒ വി. അനിൽ കുമാറും സി.പി.ഒ അനീഷ്, ആലപ്പുഴയിൽനിന്നുള്ള സി.പി.ഒ നിഷാദ് എന്നിവർ അവിടെ ശ്രീനഗറിലെത്തി പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.