കുണ്ടറ : ഐ.ടി പഠന ആവശ്യത്തിന് കമ്പ്യൂട്ടറും, ലാപ്ടോപ്പും ചോദിക്കാൻ എം.എൽ.എ ഓഫീസിലെത്തിയ വിദ്യാർഥികൾക്ക് സ്കൂളിന് ആവശ്യമായതെല്ലാം നൽകാൻ വേണ്ട അടിയന്തിര നടപടിയെടുത്ത് പി.സി. വിഷ്ണുനാഥ് എം.എൽ.എ.
വെള്ളിമൺ ഗവൺമെന്റ് യു.പി സ്കൂളിലെ വിദ്യാർഥി പ്രതിനിധികളാണ് തങ്ങളുടെ ഐ.ടി പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകളോ ലാപ്ടോപ്പുകളോ വേണമെന്ന ആവശ്യവുമായി സ്കൂൾ പ്രഥമാധ്യാപകനും, പി.ടി.എ ഭാരവാഹികൾക്കും ഒപ്പം പി.സി. വിഷ്ണുനാഥ് എം.എൽ.എക്ക് നിവേദനം നൽകാൻ എത്തിയത്.
സ്കൂളിന്റെ ചുറ്റുമതിൽ കഴിഞ്ഞ മഴയിൽ തകർന്നതും ഇത് മൂലം സ്കൂളിൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം ഉണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകൾ അനുവദിക്കുന്നത് അടിയന്തര പ്രാധാന്യത്തോടുകൂടി തന്നെ ചെയ്യുമെന്നും സ്കൂൾ ചുറ്റുമതിലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവിടെ പരിശോധന നടത്തുമെന്നും എം.എൽ.എ ഉറപ്പ് നൽകി.
സ്കൂളിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി സ്കൂളിന് എത്തിച്ചു നൽകാമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളായ ഗയ ആർ.ജി, ആൻഡ്രിയ, സാൻഡ്ര മരിയ സാജൻ, അഗ്രജ് എൻ കൃഷ്ണ, അഗ്രിം എം. കൃഷ്ണ, ആർ. ജി. ഇമ, സ്കൂൾ പ്രഥമാധ്യാപകൻ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പി.എം.സാജൻ, എസ്.എം.സി ചെയർമാൻ രതീഷ്, മദർ പി .ടി .എ പ്രസിഡന്റ് അഞ്ജു എന്നിവരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.