ഓച്ചിറ: ഒന്നര മാസത്തെ കഠിനാധ്വാനം നിമിഷം നേരം കൊണ്ട് തകരുന്നതു കണ്ട് പൊട്ടിക്കരയാനെ അവർക്കായുള്ളു. 70 അടി പൊക്കം, 17 അടിയുള്ള ശിരസ്, ഭക്തർ നൽകിയ ലക്ഷകണക്കിന് രൂപ... എല്ലാം ഞൊടിയിട കൊണ്ട് തകർന്നടിഞ്ഞു. ഓച്ചിറ പടനിലത്ത് ഏറ്റവും ഉയരമേറിയ കെട്ടുകാളയായി തലയുയർത്തി നിൽക്കേണ്ടിയിരുന്ന കാലഭൈരവൻ അങ്ങനെ ഒരു നാടിന്റെ കണ്ണീർനോവായി മാറി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവത്തിൽ ഞക്കനാൽ കരയുടെ അഭിമാനമാകേണ്ടിയിരുന്ന കാലഭൈരവൻ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ മറിഞ്ഞുവീണ് തകർന്നത് നാടിനെ ഞെട്ടിച്ചു. പുതിയ ദേശീയപാതയിൽ ഓച്ചിറ വടക്കേ പള്ളിക്ക് സമീപം ഒന്നരമാസം കൊണ്ട് നിർമിച്ചതാണ് കാലഭൈരവൻ കെട്ടുകാള.
ഓച്ചിറ ക്ഷേത്രത്തിന് 300 മീറ്റർ മാത്രം അകലെയായിരുന്നതിനാൽ പെട്ടെന്ന് ക്ഷേത്രത്തിൽ എത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സംഘാടകർ. രണ്ട് കൂറ്റൻ ക്രെയിനുകളുടെ സഹായത്താൽ പന്തലിൽ നിന്ന് പുറത്തേക്ക് ആനയിക്കുമ്പോൾ തന്നെ ചെറിയ ചരുവ് തോന്നിയിരുന്നു. അതിനാൽ കാളയുടെ പുറത്ത് നിന്നവർ താഴെ ഇറങ്ങി. സാവധാനം പുതിയ ഹൈവേയിൽ നിന്ന് പഴയ ഹൈവേയിലേക്ക് ഇറക്കുമ്പോൾ ചരിഞ്ഞ് നിലംപൊത്തുകയായിരുന്നു. നേരെ നിർത്താൻ ക്രെയിനുകളുടെ ഉപയോഗിച്ചുള്ള ശ്രമവും ഫലിച്ചില്ല. വൈദ്യുതി തൂണുകളും തകർത്താണ് കെട്ടുകാള നിലംപൊത്തിയത്. കെട്ടുകാള ചരിയുന്നതു കണ്ട് ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഭാരം കൂടിയതാണ് കാള വീണതിന് കാരണം.
കെട്ടുകാള വീണത് കണ്ട് നാട്ടുകാർ ഉച്ചത്തിൽ ഏറെനേരം നിലവിളിച്ചപ്പോൾ, ഹൃദയംതകർന്ന് കാളകെട്ടു സമിതി അംഗങ്ങൾ ഉൾപ്പെടെ പൊട്ടിക്കരഞ്ഞു. ഉച്ച സമയമായതിനാൽ വലിയ ജനക്കൂട്ടം ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് പൊലീസ്. വഴി തടസമായതോടെ വേറെ വഴി ഒരുക്കിയാണ് മറ്റ് കെട്ടുകാളകളെ ഓച്ചിറ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.