കൊല്ലം: മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നടത്തിയ ‘ഓപറേഷൻ ഡി ഹണ്ട്’ പരിശോധനയിൽ വ്യാപക നടപടി. വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്ത് 22 പ്രതികളെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അഡീഷനൽ എസ്.പി സോണി ഉമ്മൻ കോശിയുടെ മേൽനോട്ടത്തിലാണ് ഓപറേഷൻ ഡി ഹണ്ട് നടത്തിയത്. കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിൽ പരമാവധി പൊലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടന്ന സ്പെഷൽ ഡ്രൈവിൽ ലഹരി വ്യാപാരവും ഉപയോഗവുമായി ബന്ധപ്പെട്ട് 123 ആളുകളെ പരിശോധനക്ക് വിധേയമാക്കി.
പരിശോധനയുടെ ഫലമായി ഇരവിപുരം പരിധിയിൽ 37.19 ഗ്രാമും കരുനാഗപ്പള്ളി പരിധിയിൽ 0.22 ഗ്രാമും ഉൾപ്പെടെ 37.41 ഗ്രാം എം.ഡി.എം.എ പിടികൂടി. പുന്തലത്താഴം ഉദയമന്ദിരം വീട്ടിൽ അഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 37.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. വ്യവസായിക അടിസ്ഥാനത്തിൽ കൂടിയ അളവിൽ മയക്കുമരുന്ന് കടത്തിയതിന് ഇയാൾക്കെതിരെ 2022 ലും കിളികൊല്ലൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 10 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം സൂക്ഷിക്കുന്നത് 20 വർഷം വരെ തടവ് ശിക്ഷയും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അനധികൃതമായി 0.22 ഗ്രാം എം.ഡി.എം.എയും 6.43 ഗ്രാം കഞ്ചാവും കൈവശം വെച്ചതിന് കരുനാഗപ്പള്ളി, കല്ലേലിഭാഗം സ്വദേശി ഷാനെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ വിവിധ സ്റ്റേഷൻ പരിധിയിലായി 83.02 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കിളികൊല്ലൂരിൽ 32 ഗ്രാം, ചാത്തന്നൂരിൽ 22 ഗ്രാം, ഓച്ചിറയിൽ 15 ഗ്രാം, കൊല്ലം വെസ്റ്റിൽ 11 ഗ്രാം, കരുനാഗപ്പള്ളിയിൽ 6.43 ഗ്രാം, പള്ളിത്തോട്ടത്ത് 3.5 ഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഞ്ചാവ് ബീഡി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളും നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ചതിന് എട്ട് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. 48 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പരിശോധനയുടെ ഭാഗമായി പിടികൂടി. ജില്ലയിലെ ഓപറേഷൻ ഡി ഹണ്ടിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എ.സി.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.