ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ഇറച്ചിമാലിന്യ പ്ലാന്റ് സമരത്തിൽ കൈപൊള്ളി എൽ.ഡി.എഫ്. എൽ.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന വെളിനല്ലൂർ പഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ് കൈവശപ്പെടുത്താനും ഇത് ഇടയാക്കി. മുളയറച്ചാലിലെ ഇറച്ചി മാലിന്യ പ്ലാന്റിനെതിരെ കോൺഗ്രസിന്റെയും വെൽഫെയർ പാർട്ടിയുടെയും നേതൃത്വത്തിൽ 200 ഓളം ദിവസം സമരം നടന്നു. പ്ലാന്റിനെതിരെ നാട്ടുകാർ ഒരുമിച്ച് നിലകൊണ്ടത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കോവിഡിന്റെ മൂർധന്യത്തിൽ സി.പി.എം നേതൃത്വത്തിലുള്ള വെളിനല്ലൂർ പഞ്ചായത്ത് ഭരണസമിതി ഓൺലൈൻ യോഗം ചേർന്നാണ് പ്ലാന്റിന് അനുമതി നൽകിയത്.
പ്രതിപക്ഷ അംഗങ്ങൾക്ക് കൃത്യമായ വിവരം നൽകാതെയായിരുന്നു അനുമതി നൽകിയതും. പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങളുമായി എൽ.ഡി.എഫ് മുന്നോട്ട് പോയപ്പോൾ ജനകീയ പ്രതിഷേധം ശക്തമായി. വെൽഫെയർപാർട്ടിയിലെ വാർഡ് അംഗം ജസീനാ ജമീലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്ലാന്റിനെതിരെ റിലേ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്ലാന്റിനെതിരെ സി.പി.എം സമരവുമായി രംഗത്തുവന്നെങ്കിലും അത് പ്രഹസനമായി മാറുകയായിരുന്നു. പ്ലാന്റിന് അനുമതി നൽകിയ തീരുമാനം എൽ.ഡി.എഫ് തന്നെ തിരുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.