പരവൂർ: സുരക്ഷിതമായ ഓഫിസ് കെട്ടിടമോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല, നെടുങ്ങോലം സർക്കാർ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ.
നൂറ്റാണ്ടുകൾ പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തനം. മൂന്ന് മുറികളും വരാന്തയും ചെറിയ ഇടനാഴിയുമാണ് ഇടുങ്ങിയ കെട്ടിടത്തിനുള്ളത്. സൂപ്രണ്ട്, മൂന്ന് ക്ലർക്ക്, എൻട്രി ഓപറേറ്റർ, ഓഫിസ് അസിസ്റ്റന്റ്, പി.ആർ.ഒ എന്നിവരാണുള്ളത്. ആശുപത്രി സൂപ്രണ്ടിന് പ്രത്യേകം മുറിയില്ലാത്തതിനാൽ സൂപ്രണ്ടിന് മുന്നിൽ പരാതിയുമായി രോഗികളെത്തുമ്പോൾ മറ്റ് ഓഫിസ് പ്രവർത്തനത്തെയും ബാധിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ഒ.പിയും ഫാർമസിയും പ്രവർത്തിച്ചിരുന്നു. പൈതൃക സംരക്ഷണത്തിന്റെ പേരിലാണ് കെട്ടിടം നിലനിർത്തുന്നത്. അടുത്തിടെ ഓട് മാറ്റി ഷീറ്റ് മേഞ്ഞെങ്കിലും കെട്ടിടം പുതുക്കിയില്ല. വാതിലുകളും ജനലുകളും ദ്രവിച്ച നിലയിലാണ്. എലിശല്യം രൂക്ഷമായതിനാൽ ഫയലുകൾ പുറത്തുവെക്കാനാകില്ല. കമ്പ്യൂട്ടർ വയറുകളും എലി നശിപ്പിക്കുന്നു.
ജീവനക്കാരുടെ അപര്യാപ്തതയാണ് മറ്റൊരു പ്രശ്നം. പഴയ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും പ്രവർത്തനം. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ആവശ്യത്തിനില്ലാത്തതിനാൽ താൽക്കാലികക്കാരാണ് ആശ്രയം. 13 ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് സ്ഥിരം ഡോക്ടർമാരും നാല് എൻ.എച്ച്.എം ഡോക്ടർമാരുമാണുള്ളത്. മൂന്ന് ഗൈനക്കോളജി ഡോക്ടർമാരാണ് മുമ്പുണ്ടായിരുന്നത്. സർജന്റെ സേവനം ദിവസവും ഉണ്ടായിരുന്നു. നിലവിൽ ഇത് ആഴ്ചയിൽ മൂന്ന് ദിവസമായി. ഫിസിഷ്യൻ ഇല്ലാത്തതിനാൽ കിടത്തി ചികിത്സയും കുറവാണ്. അഞ്ച് വർഷത്തിലധികമായി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഇല്ല. ഇതിനാൽ, അപകടത്തിൽപ്പെട്ടെത്തുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിടുകയാണ്. ദിവസവും ആയിരത്തിലേറെ രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. ഇവർക്ക് മതിയായ സേവനം ലഭ്യമാകുന്നില്ല.
ഡോക്ടർമാർ ഇല്ലാത്തതിനാൽ ചില ദിവസങ്ങളിൽ ഒ.പി പ്രവർത്തവും തടസ്സപ്പെട്ടിട്ടുണ്ട്. നേത്രരോഗം, ഇ.എൻ.ടി, സർജൻ, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിലും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ഡയാലിസിസ്, ഇ.സി.ജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ മുൻസിപ്പാലിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാരാണുള്ളത്. ഓപറേഷൻ സൗകര്യങ്ങളും നിലവിലില്ല.
ഡയാലിസിസ് നടക്കുന്നതിനിടയിൽ രോഗികൾക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ തിരക്കേറിയ ഒ.പി വിഭാഗത്തിൽനിന്ന് ഡോക്ടർ എത്തേണ്ട അവസ്ഥയാണ്. ഡോക്ടർ എത്താൻ വൈകുന്നത് പ്രതിഷേധങ്ങൾക്കും കാരണമാകുന്നു.
നിലവിലുള്ള ഒരു ഡയാലിസിസ് യൂനിറ്റിൽ മൂന്ന് ഷിഫ്റ്റുകളായാണ് ഡയാലിസിസ് നടത്തുന്നത്. ആറ് നഴ്സുമാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നാല് പേർ മാത്രമേ യൂനിറ്റിലുള്ളൂ. താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഡയാലിസിസ് നടത്തുന്നത്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചു ഡയാലിസിസ് കേന്ദ്രത്തിൽ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മാസങ്ങളായിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.