ആര്.എസ്. വിനു
പത്തനാപുരം: തന്ത്രികളില്‍ മാന്ത്രികസംഗീതം തീര്‍ക്കുകയാണ് ആവണീശ്വരം എസ്.ആർ. വിനു. ഇക്കൊല്ലത്തെ സംഗീതനാടക അക്കാദമി അവാര്‍ഡ് തേടിയെത്തുമ്പോള്‍ വയലിന്‍വാദനത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ വിനുവുണ്ട്.
കർണാടകസംഗീതരംഗത്ത് കേരളത്തിൽനിന്ന് പേരുകേട്ട വയലിൻ വാദകനായുള്ള ഉയർച്ചയിൽ എത്തിയ അർഹതക്കുള്ള അംഗീകാരമാണ് 51കാരന് ഇത്തവണത്തെ പുരസ്കാരം.
പ്രമുഖ സംഗീതജ്ഞനും തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളജ് പ്രിന്‍സിപ്പലുമായിരുന്ന ആവണീശ്വരം രാമചന്ദ്രന്റെ മകനാണ് എസ്.ആര്. വിനു. അദ്ദേഹത്തിന്റെ പിതാമഹൻ ആവണീശ്വരം കെ. കൃഷ്ണപിള്ള അറിയപ്പെടുന്ന നാദസ്വരവിദ്വാനായിരുന്നു. അച്ഛനിൽനിന്ന് ആറാമത്തെ വയസ്സിലാണ് വിനു സംഗീതപഠനം ആരംഭിച്ചത്.
പിൽക്കാലത്ത് പ്രഫ. കിളിമാനൂർ ത്യാഗരാജനായിരുന്നു ഗുരു. 1992 മുതൽ പ്രസിദ്ധ വയലിൻ വിദ്വാൻ മൈസൂർ എം. നാഗരാജിന്റെ ശിഷ്യനായി. ഇന്ന് കേരളത്തിലെ മുതിർന്ന വയലിനിസ്റ്റും ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയിൽ എ ടോപ് ഗ്രേഡ് കലാകാരനുമാണ്.
മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്നുള്ള നിരവധി അവാർഡുകൾ, കാഞ്ചീപുരത്ത് നിന്നുള്ള സംഗീത ആസ്ഥാന വിദ്വാന്, സത്യസായി ഓർഗനൈസേഷനിൽ നിന്നുള്ള സംഗീതരത്ന തുടങ്ങിയ ബഹുമതികൾ എന്നിവ അദ്ദേഹത്തെ തേടിയെത്തി.
ഇന്ത്യയിലെ തന്നെ പ്രമുഖരായ സംഗീതജ്ഞർക്കൊപ്പം അദ്ദേഹം നിരവധി വേദികൾ പങ്കിട്ടു. എറെ വൈകിയാണെങ്കിലും കൂടുതല്‍ മികവാര്‍ന്ന പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് വിനു. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിനു എറെ നാളായി തിരുവനന്തപുരത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.