പത്തനാപുരം: ചിതല്‍വെട്ടി മേഖലയില്‍ പുലിസാന്നിധ്യം തിരിച്ചറിയാന്‍ വനംവകുപ്പ് നീരിക്ഷണകാമറകള്‍ സ്ഥാപിച്ചു. ചിതല്‍വെട്ടി വെട്ടി അയ്യം മേഖലയില്‍ മൂന്ന് കാമറകളാണ് പത്തനാപുരം റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ പുലി സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ പുലിക്കൂടുകള് സ്ഥാപിക്കാനും പദ്ധതിയുണ്ട്. പുലികളുടെ എണ്ണം, പുലിക്കുട്ടികള്‍ ഉണ്ടോ എന്നീകാര്യങ്ങൾ തിരിച്ചറിയാന്‍ എന്നിവക്ക് വേണ്ടിയാണ് ആദ്യഘട്ടത്തില്‍ കാമറവെച്ച് ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. പുലിക്കൂടുകള് സ്ഥാപിക്കുന്നതിനായി പുനലൂര്‍ ഡി.എഫ്.ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിക്കായി കത്ത് നല്‍കിയിട്ടുണ്ട്. പുലിക്കുട്ടികളുണ്ടെങ്കില് കൂടുകള്‍ സ്ഥാപിക്കുന്നത് അസാധ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴിഞ്ഞദിവസം പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശവാസികൾ പറയുന്നുണ്ട്. സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷന്റെ കശുമാവിൻ എസ്റ്റേറ്റ് ആണ് ഈ മേഖലയിലുള്ളത്. ഇവിടെ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും വിദൂരതയിൽനിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. ഫാമിങ് കോര്പറേഷന് എസ്റ്റേറ്റുകള്‍ക്കുള്ളിലെ അടിക്കാടുകള്‍ നീക്കം ചെയ്യാത്തതിനാല്‍ തുടര്‍ച്ചയായി മേഖലയില്‍ വന്യമൃഗങ്ങള്‍ എത്തുന്നുണ്ട്. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നുണ്ട്. അഞ്ചലിനുള്ള ആർ.ആർ.ടി സംഘം തിരച്ചില്‍ അവസാനിപ്പിച്ച് കഴിഞ്ഞദിവസം മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.