കൊല്ലം: മഴക്കെടുതിയിൽ ജില്ലയിൽ ചൊവ്വാഴ്ച മാത്രം ഏഴ് വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ആളപായമില്ല. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.
-ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ അവ ശരിയായി ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇവയുടെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
ചുമരിലോ മറ്റോ ചാരിെവച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശിത്തുടങ്ങുമ്പോൾതന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കരുത്.
ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്നമുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
തദ്ദേശസ്ഥാപനതല ദുരന്തലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈയെടുക്കണം.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപെട്ടാൽ ഉടനെതന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.
തകരാര് പരിഹാര പ്രവൃത്തികൾ കാറ്റുള്ളപ്പോൾ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം തുടരുകയും ചെയ്യുക. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുക.
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ടുപോകണം.
കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങും മുമ്പ് ഉറപ്പ് വരുത്തുക.
നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറണം.
മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക.
മഴയിൽ വീടുകളും പോസ്റ്റുകളും തകർന്നു
ഏകദേശം 40,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു
ശാസ്താംകോട്ട: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂരിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. പോരുവഴി അമ്പലത്തുംഭാഗം സുധീഷ് ഭവനിൽ സുധയുടെ വീടിന് മുകളിലേക്ക് മരംവീണ് മേൽക്കൂര തകർന്നു.
ശൂരനാട് വടക്ക് വില്ലേജിൽ ആലുമുക്ക് 17ാം വാർഡിൽ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകിവീണ് നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ശൂരനാട് വടക്ക് രാഗേഷ് ഭവനത്തിൽ ഹെർബറ്റിന്റെ വീടിനുമുകളിലേക്ക് മരംവീണ് മേൽക്കൂരക്ക് നാശനഷ്ടം സംഭവിച്ചു. ഏകദേശം 40,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
യാത്രക്കാർ ഈ വെള്ളത്തിലൂെടയാണ് സ്റ്റേഷനിലേക്കും പരിസരത്തേക്കും പോകുന്നത്
പുനലൂർ: റെയിൽവേ സ്റ്റേഷന് മുന്നിലെ കുഴികളും വെള്ളക്കെട്ടും യാത്രക്കാരെ അടക്കം ദുരിതത്തിലാക്കുന്നു. ദിവസവും നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷന് മുന്നിലാണ് പലയിടത്തായി മലിനജലം കെട്ടിനിൽക്കുന്നത്. സ്റ്റേഷന് മുന്നിലും സമീപത്തെ പാർക്കിങ് ഏരിയയിലും കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ചെറിയ മഴയിൽ പോലും ഇതാണവസ്ഥ.
യാത്രക്കാർ അടക്കമുള്ളവർ ഈ വെള്ളത്തിലൂടെ കയറിയിറങ്ങിയാണ് സ്റ്റേഷനിലേക്കും പരിസരത്തേക്കും പോകുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നവീകരണജോലികൾ നടന്നുവരുന്നു.
ഇതുകാരണം മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തത് വെള്ളക്കെട്ടിന് കാരണമാകുന്നു. മറ്റ് മാർഗങ്ങളിലൂടെ കുഴികൾ അടച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ അധികൃതർ തയാറാകുന്നില്ല.
സ്റ്റേഷന് മുന്നിലൂടെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ഓട്ടോകൾ അടക്കം ചെറു വാഹനങ്ങൾക്കും ഈ വെള്ളക്കെട്ട് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
മഴയിൽ വീടുകൾ തകർന്നു
കൊട്ടാരക്കര: മഴയിൽ കരീപ്ര ചൊവ്വള്ളൂർ പ്ലക്കോട് ഷാജി ഭവനിൽ സൂസമ്മ കോശിയുടെ വീടിന്റെ മേൽക്കൂരയും ഷീറ്റും തകർന്നു. കഴിഞ്ഞദിവസം പുലർച്ച 3.30 ഓടെയായിരുന്നു സംഭവം. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നെടുവത്തൂർ നീലേശ്വരം മംഗലത്ത് മുക്കിൽ ജയഭവനിൽ ശ്രീജയുടെ വീട് പൂർണമായും തകർന്നു. 1,30,000 രൂപ നാശനഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.