കൊല്ലം: സ്കൂൾ തുറന്ന് ഒന്നരമാസം പിന്നിടവെ, കഴിഞ്ഞമാസം വിദ്യാർഥികൾക്ക് അന്നമൂട്ടിയതിെൻറ പണം എപ്പോൾ തരുമെന്ന ചോദ്യവുമായി പ്രഥമാധ്യാപകരും പാചകത്തൊഴിലാളികളും. വിദ്യാർഥികൾക്ക് പാലും മുട്ടയും ഉച്ചഭക്ഷണവും ഉൾപ്പെടെ നൽകിയതിന് ചെലവായ തുകയുടെ ബില്ലുകൾ മാറി പണം ലഭിക്കാത്തതാണ് പ്രഥമാധ്യാപകരെ പ്രതിസന്ധിയിലാക്കുന്നത്.
ഭക്ഷണം തയാറാക്കുന്ന ജോലിക്ക് ലഭിക്കേണ്ട തുച്ഛമായ ശമ്പളം മാസം പകുതി പിന്നിട്ടിട്ടും കിട്ടിയില്ലെന്ന വേദനയാണ് പാചകത്തൊഴിലാളികൾക്ക് പങ്കുെവക്കാനുള്ളത്.
സ്കൂൾ ഭക്ഷണം നൽകുന്നത് അധ്യാപകർക്ക് സമാനതകളില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് ബിൽ മാറിക്കിട്ടാത്തതിെൻറ വൻ സാമ്പത്തിക ബാധ്യതയും കൂടി തലയിലായത്. അപ്രതീക്ഷിതമായി പെെട്ടന്ന് സ്കൂൾ തുറന്നപ്പോൾ സ്കൂൾ ബസ്, പശ്ചാത്തല സൗകര്യമൊരുക്കൽ എന്നിവ വലിയ ബാധ്യതകൾ ഏൽപിച്ചതിന് പിന്നാലെയാണ് ഇൗ ചെലവും. ശരാശരി 500 കുട്ടികളുള്ള സ്കൂളുകളിൽ ഒരു ലക്ഷം വരെയാണ് ഒരു മാസം ഭക്ഷണത്തിന് ചെലവ് വരുന്നത്. ഇപ്പോൾ സ്കൂളുകളിൽ പകുതിയിൽ താഴെ മാത്രം കുട്ടികൾ വരുന്ന അവസ്ഥയിലും 100 കുട്ടികൾക്ക് ശരാശരി 20000-25000 രൂപ വരെയാകും.
ഇൗ തുക സ്വന്തം നിലയിൽ കണ്ടെത്തി കുട്ടികൾക്ക് ഭക്ഷണം നൽകേണ്ട ചുമതല പ്രഥമാധ്യാപകർക്കാണ്. മാസാവസാനം ബിൽ മാറി വകുപ്പിൽനിന്ന് പണമെത്തുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഇതുവരെയായിട്ടും പണം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ പണം കിട്ടാത്ത അവസ്ഥയിലും ഇൗ മാസവും മുടങ്ങാതെ ഭക്ഷണം നൽകുന്നതിെൻറ ബാധ്യതയും പ്രഥമാധ്യാപകരെ തളർത്തുന്നുണ്ട്. മുമ്പ് ബാങ്ക് അക്കൗണ്ട് വഴി നൽകിയിരുന്ന തുക ഇത്തവണ പുതുതായി എടുത്ത പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻസ് മാനേജ്മെൻറ് സിസ്റ്റം) എന്ന അക്കൗണ്ട് വഴി നൽകണോ എന്ന ആശയക്കുഴപ്പമാണ് പണം കിട്ടാൻ വൈകുന്നതിന് കാരണമായത്. ഏറ്റവുമൊടുവിൽ വന്ന ഉത്തരവ് പ്രകാരം ബാങ്ക് അക്കൗണ്ട് വഴി തന്നെ പണം നൽകാം എന്നാണ് തീരുമാനം. ഇതനുസരിച്ച് അടുത്തയാഴ്ചയോടെയെങ്കിലും പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രഥമാധ്യാപകർ.
സ്കൂളിൽ എത്തുന്ന കുട്ടികൾ 100 ആയാലും 300 ആയാലും ഗ്യാസ് ഉപഭോഗം ഉൾപ്പെടെ ചെലവ് ഒന്നുപോലെ എന്നതാണ് ഇക്കഴിഞ്ഞ ആഴ്ചകളിലെ അനുഭവം. 150 വരെ കുട്ടികൾക്ക് എട്ട് രൂപയും അതിന് മുകളിൽ ഏഴ് രൂപയും 500 കുട്ടികൾക്ക് മുകളിൽ ആറു രൂപയുമാണ് ഒരു കുട്ടിയുടെ ഭക്ഷണച്ചെലവായി സർക്കാർ നൽകുന്നത്. ഇപ്പോൾ കുട്ടികൾ സ്കൂളിൽ എത്തുന്നത് കുറവെങ്കിലും നിലവിലെ ഗ്യാസ്, പച്ചക്കറി വിലക്കയറ്റത്തിൽ കൈയിൽനിന്ന് പണം ചെലവാക്കേണ്ടിവരുന്നത് ആരോട് പറയും എന്നാണ് അധ്യാപകർ ചോദിക്കുന്നത്. കുട്ടികൾ കുറഞ്ഞിരുന്നാലും കൂടിയിരുന്നാലും ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് ചെലവാകുന്നത് ഒരേ രീതിയിലാണ്. ഇപ്പോൾ ആറ് ദിവസവും സ്കൂൾ ഉണ്ട് എന്നത് കൂടി വരുേമ്പാൾ ഒരാഴ്ച കൊണ്ട് രണ്ട് സിലിണ്ടർവരെ ചെലവാകുന്നതാണ് അവസ്ഥ.
കുട്ടികൾക്ക് എന്ത് ഭക്ഷണം നൽകണം എന്ന കാര്യം ആലോചിച്ച് പ്രഥാനാധ്യാപകരുടെ ഉറക്കം പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും അധ്യാപകർ പറയുന്നു. പച്ചക്കറിയും പലവ്യഞ്ജനവും പിടിച്ചാൽ കിട്ടാതെ വില ഉയരുേമ്പാൾ കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നാണ് അവർ ചോദിക്കുന്നത്.
അരി ഉൾപ്പെടെ സിവിൽ സപ്ലൈസിൽനിന്ന് വാങ്ങാനാണ് സർക്കാർ നിർദേശം. എന്നാൽ, റേഷൻ കാർഡിന് മാത്രം ആനുകൂല്യം ലഭിക്കുന്ന സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റുകളിൽ പ്രഥമാധ്യാപകരുടെ പേരിൽ ബിൽ ചെയ്ത് വാങ്ങുന്ന സാധനങ്ങൾക്ക് പുറത്തെ വിലയാണ് നൽകേണ്ടിവരുക. കഴിഞ്ഞ ആഴ്ച മയ്യനാട് സർക്കാർ സ്കൂളിൽ നിലവാരമില്ലാത്ത അരി എത്തിച്ചതിനെ തുടർന്ന് പരാതിയുണ്ടാകുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇൗ പ്രശ്നം കാരണം സ്വകാര്യ സൂപ്പർ മാർക്കറ്റുകളിൽനിന്നാണ് പല സ്കൂളുകളിലും സാധനം വാങ്ങുന്നത്. പച്ചക്കറി വിഭവങ്ങൾ പ്രധാനമായ സ്കൂൾ മെനുവിന് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ വില. ഹോർട്ടികോർപ് പോലുള്ള സർക്കാർ സംവിധാനങ്ങളുടെയൊന്നും സഹായം സ്കൂളുകൾക്ക് ലഭിക്കാറില്ല. പൊതുവിപണിയിൽനിന്ന് വൻ വില നൽകി സാധനങ്ങൾ എത്തിക്കുക മാത്രമേ നിവർത്തിയുള്ളു എന്നാണ് അധ്യാപകർ പറയുന്നത്.
ക്ലാസുകളുടെ നടത്തിപ്പും കുട്ടികളുടെ പഠനപ്രവർത്തനങ്ങളും ശ്രദ്ധിക്കേണ്ട പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്ക് ഇപ്പോൾ അതിനൊന്നും 'സമയമില്ല'. കുട്ടികൾക്ക് ഭക്ഷണം എന്തു നൽകണം, എന്ത് വാങ്ങണം, പണമെത്രയാകും, ഭക്ഷണത്തിെൻറ രുചി, ഭക്ഷണം വിളമ്പൽ... മിക്കവാറും എല്ലാ സ്കൂൾ ദിനങ്ങളിലും ഇതാണ് കൂടുതൽ നേരവും അധ്യാപകരുടെ ചിന്ത. ഇത് കാരണം പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ ആകുന്നില്ലെന്ന് പ്രഥമാധ്യാപകർ പറയുന്നു. കുട്ടികളുടെ കാര്യം നോക്കേണ്ടവർ അടുക്കളയിൽ നിൽക്കേണ്ടിവരുന്ന സംവിധാനം ഒഴിവാക്കിയാൽ സംവിധാനത്തിെൻറ നിലവാരമുയരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ കാലത്ത് വൻ വിജയകരമായ സാമൂഹിക അടുക്കള സംവിധാനം സ്കൂളുകളിലേക്ക് നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ഒന്നര വർഷം മുമ്പ് വരെ കൊല്ലം കോർപറേഷെൻറ നേതൃത്വത്തിൽ പ്രഭാതഭക്ഷണം ഇത്തരത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന സംവിധാനം വിജയകരമായി പ്രവർത്തിച്ചിരുന്നു. ഒാരോ പഞ്ചായത്തിലും കോർപറേഷൻ ഡിവിഷനുകളിലും ഒരു കേന്ദ്രം കണ്ടുപിടിച്ച്, സ്കൂളുകളിലെ പാചകത്തൊഴിലാളികളെ അവിടേക്ക് പുനർവിന്യസിച്ച്, ചുമതല ഏതെങ്കിലും അധ്യാപകനെയോ ഉദ്യോഗസ്ഥരെയോ ഏൽപിക്കുന്ന തരത്തിലുള്ള സംവിധാനമാണ് പരീക്ഷിക്കാവുന്നത്. ഇത് പ്രഥമാധ്യാപകരുടെയും മറ്റും തലവേദന കുറക്കുകയും കുട്ടികൾക്ക് രുചികരവും നിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ അധ്യാപകർ പറയുന്നു.
ജോലിയുള്ള ദിവസം കിട്ടുന്ന 600 രൂപ കൊണ്ട് ജീവിതം കഷ്ടിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന പാചകത്തൊഴിലാളികളിൽ ഭൂരിഭാഗത്തിനും കഴിഞ്ഞമാസം ജോലിചെയ്ത തുക ഇതുവരെ കിട്ടിയിട്ടില്ല. ജില്ലയിൽ പുനലൂർ, ചടയമംഗലം, അഞ്ചൽ, വെളിയം എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഇതുവരെയും പണം ലഭിക്കാത്തത്.
100ൽ അധികം സ്കൂളുകളിലെ തൊഴിലാളികളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായത്. സ്കൂളുകളിൽ കുട്ടികൾ കുറവായത് കൊണ്ട് പലയിടത്തും തൊഴിലാളികളെ സ്കൂൾ അധികൃതർ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. പാചകത്തൊഴിലാളികൾ എന്നാണ് പേരെങ്കിലും പ്യൂണിെൻറ പണികൾവരെ ചെയ്യേണ്ട സ്ഥിതിയാണ് പലയിടത്തുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.