കൊല്ലം: ജീവനുള്ള വസ്തു ഉപയോഗിച്ച് കൊലപാതകമെന്ന അപൂർവകേസിൽ മികച്ച ആസൂത്രണത്തോടെയുള്ള അന്വേഷണമാണ് തുമ്പുണ്ടാക്കിയത്. സംശയത്തിെൻറ സാഹചര്യത്തിലൂടെ മുന്നേറിയ അന്വേഷണസംഘം ഒടുവിൽ വ്യക്തമായ തെളിവുകളോടെ പ്രതിയെ കുടുക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ചതും രാജ്യത്തുതന്നെ അപൂർവങ്ങളിൽ അപൂർവവുമായ സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾക്കായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ കുറ്റാന്വേഷകർക്ക് പാഠപുസ്തകമാണ്.
ഉത്ര വധക്കേസിലെ ശാസ്ത്രീയ കണ്ടെത്തലുകളും അന്വേഷണരീതികളും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ പങ്കുെവച്ചിരുന്നു. കൊലപാതകം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണെന്ന് ഡമ്മി തെളിവിലൂടെ സ്ഥിരീകരിക്കുന്നത് രാജ്യത്തെ ആദ്യ സംഭവമാണ്.
മുമ്പുണ്ടായ മറ്റ് രണ്ടു കേസുകളിലും കൊലപാതകത്തിനായി പാമ്പിനെകൊണ്ട് കടിപ്പിച്ചതാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ ആരും ശിക്ഷിക്കപ്പെട്ടില്ല. ഇന്ത്യയിലാകെ ഇത്തരത്തിൽ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുണെയിൽ കുടുംബാംഗത്തെ കൊല്ലാൻ മൂർഖനെ ഉപയോഗിച്ചതാണ് ആദ്യ കേസ്. അലഹബാദിൽ കൂടെ ജോലി ചെയ്യുന്നയാളെ കൊലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചതാണ് രണ്ടാമത്തെ സംഭവം.
മൂന്നാമത്തെ കേസാണ് ഉത്രയുടെ കൊലപാതകം. ആദ്യ രണ്ടു കേസുകളിലും സാക്ഷിമൊഴി മാത്രമേ തെളിവായി ഉണ്ടായിരുന്നുള്ളൂ. ഈ രണ്ടു കേസുകളിലെയും പഴുതുകളാണ് ഉത്ര വധക്കേസ് അന്വേഷിച്ച മുൻ എസ്.പി ഹരിശങ്കർ പഠിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശാസ്ത്രീയമായി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതിൽ വിജയിച്ചതോടെയാണ് കേസ് നിർണായക ഘട്ടത്തിലെത്തിയത്.
വിധി കേൾക്കുന്നതിനായി കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, അന്വേഷണ ഉദ്യോഗസ്ഥൻ എ. അശോകൻ, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാർ, കൊല്ലം എ.സി.പി വിജയകുമാർ, കൊല്ലം സിറ്റി ഡി.സി.ആർ.ബി ഡിവൈ.എസ്.പി എ. പ്രദീപ്കുമാർ, തെന്മല റേഞ്ച് ഓഫിസർ ജയൻ, വാവ സുരേഷ് എന്നിവർ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, കെ. ഗോപീഷ്കുമാർ, സി.എസ്. സുനിൽകുമാർ, എ. ശരൺ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി ജിത്തു എസ്. നായർ ഹാജരായി.
സാഹചര്യത്തെളിവുകൾ കോടതി അംഗീകരിച്ചു
കൊല്ലം: സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ നിരത്തിയ സാഹചര്യത്തെളിവുകളെല്ലാം കോടതി അംഗീകരിച്ചു. 2020 ജനുവരിമുതലാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ സൂരജ് ഗൂഢാലോചന നടത്തിയത്. അന്നുമുതൽ പാമ്പുകളെപറ്റി ഇൻറർനെറ്റിൽ തെരഞ്ഞു. തുടർന്ന്, മാപ്പുസാക്ഷി ചാവർകാവ് സുരേഷുമായി ബന്ധം സ്ഥാപിച്ച് ഇരുവരും നേരിൽ കണ്ടു. വിഷമുള്ള പാമ്പിനെ ചോദിച്ചതനുസരിച്ച് ഫെബ്രുവരി 24ന് സുരേഷ് പിടിച്ച അണലിയെ സൂരജിന് കൈമാറി. മാർച്ച് മൂന്നിനാണ് ഉത്രക്ക് അണലിയുടെ കടിയേൽക്കുന്നത്.
ഒരു മാസത്തിനുശേഷം വീണ്ടും ചാവർകാവ് സുരേഷിനെ വിളിച്ചതും മൂർഖനെ ആവശ്യപ്പെട്ടതും ഉത്ര ചികിത്സയിലായിരുന്ന പുഷ്പഗിരി ആശുപത്രിയിൽ ഇരുന്നുകൊണ്ട് തന്നെയാണെന്ന് ഫോൺ ടവർ ലൊക്കേഷൻ കാണിച്ച് കോടതിയെ ബാധ്യപ്പെടുത്തിയിരുന്നു. ഭാര്യ ആശുപത്രിയിൽ കിടക്കുമ്പോൾതന്നെ മൂർഖൻ പാമ്പിനെ തെരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിെൻറ ഒരളവുകോലുകൊണ്ടും അളക്കാൻ കഴിയില്ല. ഭാര്യ വേദനകൊണ്ട് അലറിക്കരയുമ്പോഴും അടുത്ത കൊലപാതകത്തിനുള്ള ആസൂത്രണം കുറ്റകൃത്യത്തിെൻറ ഏറ്റവും നിന്ദ്യമായ രൂപമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. രണ്ട് പ്രാവശ്യവും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയാറായില്ല. പാമ്പിനെ കൊണ്ടുവന്ന കറുത്ത ഷോൾഡർ ബാഗ് തേൻറതല്ലെന്ന് വിചാരണവേളയിൽ സൂരജ് പറഞ്ഞിരുന്നു. എന്നാൽ, ഇതേ ബാഗ് അണിഞ്ഞ് ഏഴംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽനിന്ന് സൂരജ് പണം പിൻവലിക്കുന്ന വിഡിയോ ദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.