എരുമേലി: അടിസ്ഥാന സൗകര്യം കുറഞ്ഞത് എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ദുരിതത്തിലാക്കുന്നു. വിശ്രമമുറികൾ പോലുമില്ലാത്ത ഡിപ്പോയിൽ കുറച്ചു ദിവസങ്ങളായി ജീവനക്കാർ ഉപയോഗിച്ചു വന്ന ശൗചാലയവും അടച്ചുപൂട്ടിയ അവസ്ഥയിലാണ്.
വനിതകളടക്കം 130ഓളം ജീവനക്കാർ ദിനംപ്രതി എരുമേലി ഡിപ്പോയിൽ എത്തുന്നുണ്ട്. എന്നാൽ, പ്രാഥമിക ആവശ്യങ്ങൾക്ക് മറ്റ് സ്ഥലങ്ങൾ തേടിപ്പോകേണ്ട അവസ്ഥയിലാണ് ജീവനക്കാർ. മാലിന്യക്കുഴലിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് ശൗചാലയം അടച്ചുപൂട്ടിയത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ നടപടിയുണ്ടാകാത്തത് ജീവനക്കാർക്കിടയിൽ പ്രതിഷേധമുയർത്തുന്നു. തകരാർ പരിഹരിച്ച് ശൗചാലയം തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് തീർഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. തീർഥാടന കാലം ആരംഭിക്കുന്നതോടെ എരുമേലിയിൽ ജീവനക്കാരുടെ എണ്ണവും വർധിക്കും. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിൽ ജീവനക്കാർക്ക് വിശ്രമമുറിയടക്കം സ്ഥിരമായ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.