എരുമേലി: ജനവാസ മേഖലയിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലേക്ക് മലിനജലം തുറന്നുവിട്ട പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. എരുമേലി -മുണ്ടക്കയം റോഡിൽ പ്രപ്പോസിന് സമീപത്ത് പ്രവർത്തിക്കുന്ന പാറമടക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. പാറമടയുടെ താഴ്ഭാഗമായ ആനക്കല്ലിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലേക്കാണ് രാസമാലിന്യം നിറഞ്ഞ മലിനജലം ഒഴുകിയെത്തിയത്. പാറമടയിലെ മലിനജലം കെട്ടി നിർത്തിയിരിക്കുന്ന ബണ്ട് തുറന്നു വിട്ടതായാണ് ആരോപണം.
പാറമടയിലെ കെമിക്കൽ കലർന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കിവിട്ടത് പ്രദേശവാസികളെ ദുരിതത്തിലാക്കിയതായി പ്രതിഷേധക്കാർ പറഞ്ഞു. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് കൊച്ചുതോട്. കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന പ്രദേശമായ ആനക്കല്ല് നിവാസികൾ കൊച്ചുതോട്ടിൽ ഓലികൾ നിർമിച്ചാണ് ജലക്ഷാമം പരിഹരിക്കുന്നത്. ഓലികളിലെ വെള്ളമാണ് കുളിക്കാനും തുണികൾ നനക്കാനും ഉപയോഗിക്കുന്നത്. എന്നാൽ, ചൊവ്വാഴ്ച കൊച്ചുതോട്ടിൽ കുളിച്ചവരിൽ പലർക്കും ചൊറിച്ചിൽ അനുഭവപ്പെട്ടു. ആനക്കല്ല് വീട്ടിൽ തൗഫീഖ് താജുദ്ദീൻ, നാലുമാവുങ്കൽ ആഷ്ന അഷ്റഫ് എന്നിവർ ആശുപത്രിയിൽ ചികിത്സയും തേടി. ചിലയാളുകളുടെ കിണറ്റിലും മലിനജലം ഒഴുകിയെത്തിയതായും ആക്ഷേപമുണ്ടായി.
ഇതോടെ ചൊവ്വാഴ്ച രാവിലെ പ്രതിഷേധിച്ചെത്തിയ ജനങ്ങൾ പാറമടയിൽ നിന്നും വാഹനങ്ങൾ കടത്തിവിടാതെ തടഞ്ഞു. എരുമേലി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പാറമട ഉടമ സ്ഥലത്ത് എത്തട്ടേ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് പാറമട ഉടമ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിച്ചത്.
എന്നാൽ, മലിനജലം തോട്ടിലേക്ക് ഒഴുക്കിയിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും പാറമട ഉടമ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തോട്ടിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചതായും പാറമട ഉടമക്ക് നോട്ടീസ് നൽകിയതായും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.