എരുമേലി: റോഡിന്റെ തകർച്ചയെ തുടർന്ന് എരുമേലി-തുമരംപാറ-എലിവാലിക്കര റൂട്ടിൽ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തുന്നു. എരുമേലി-മുണ്ടക്കയം റോഡിൽനിന്ന് പമ്പാ പാതയിലേക്ക് വേഗത്തിൽ എത്താനാകുന്ന സമാന്തരപാതയായ പേരൂർത്തോട്-മുപ്പത്തഞ്ച് റോഡാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായത്. റോഡിന്റെ ചപ്പാത്ത് മുതൽ 35-ാം മൈൽ വരെയുള്ള രണ്ട് കിലോമീറ്ററാണ് തകർന്നിരിക്കുന്നത്. ആയിരക്കണക്കിന് പ്രദേശവാസികളും തീർഥാടകരുമാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. സ്കൂൾ ബസുകളും ഇതുവഴി കടന്നുവരാൻ മടിക്കുന്നതായി പ്രദേവാസികൾ പറയുന്നു. ജലവിതരണ കുഴലുകൾ സ്ഥാപിക്കാൻ വൈകുന്നതാണ് റോഡ് നവീകരണത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, പൈപ്പുകൾ സ്ഥാപിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം നടത്തുന്നില്ലെന്നാണ് ആക്ഷേപം.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസിലേക്കും ടോൾഫ്രീ നമ്പറിലേക്കും വിളിച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് മന്ത്രിയുടെ ഓഫിസിൽനിന്നും മറുപടി ലഭിച്ചിരുന്നതായും എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും ഉദ്യോഗസ്ഥർ ആരുംതന്നെ ബസപ്പെട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. റോഡ് നവീകരണത്തിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് ഐ എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റോഡിൽ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.