കടുത്തുരുത്തി: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കനാലുകൾ ഉടൻ തുറക്കാൻ തീരുമാനം. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലുകള്‍ തുറക്കാനും ജലവിതരണം ക്രമീകരിക്കാനും മോന്‍സ് ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചൊവാഴ്ചയോടെ ജലവിതരണം ആരംഭിക്കും. മരങ്ങോലി കനാല്‍വരെ ചൊവ്വാഴ്ച ജലലഭ്യതയുണ്ടാകും. 25ന് പെരുവ ഡിസ്ട്രിബ്യൂട്ടറി, വാക്കാട്, ഞീഴൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും 26, 27 തീയതികളില്‍ കൂത്താട്ടുകുളം, വെളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിലൂടെയും പെരുവ, കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി മുളക്കുളം ബ്രാഞ്ച് കനാല്‍ പ്രദേശങ്ങളിലൂടെയും ജലവിതരണം നടത്തും.
28, 29, 30 തീയതികളില്‍ കാട്ടാമ്പാക്ക് ഡിസ്ട്രിബ്യൂട്ടറി, വിളയംകോട്, മാഞ്ഞൂര്‍, ഏറ്റുമാനൂര്‍, ബ്രാഞ്ച് കനാലുകള്‍, കുറുമുള്ളൂര്‍ ഡിസ്ട്രിബ്യൂട്ടറി, വേദഗിരി, കുറുപ്പന്തറ, മുട്ടുചിറ, കടുത്തുരുത്തി, മോനിപ്പള്ളി കനാലുകള്‍ എന്നിവയിലൂടെ ജലവിതരണം നടത്തും. 31, ഫെബ്രുവരി ഒന്നാം തീയതികളില്‍ കുറവിലങ്ങാട് മേജര്‍ ഡിസ്ട്രിബ്യൂട്ടറി, ഞീഴൂര്‍, കാണക്കാരി, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളിലെ പരിധിയില്‍ വരുന്ന വിവിധ കനാലുകള്‍, കിടങ്ങൂര്‍ ഡിസ്ട്രിബ്യൂട്ടറി എന്നിവയിലൂടെയാണ് ജലവിതരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായും എം.എല്‍.എ വ്യക്തമാക്കി.
എം.വി.ഐ.പി കനാലിലൂടെ ജലവിതരണം നടത്തുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.