കോട്ടയം: ശബരിമല പാതയിലെ കണമലയിലും കണ്ണിമലയിലുമായി കഴിഞ്ഞ രണ്ട് തീർഥാടന കാലയളവിലുണ്ടായത് 34 അപകടം. ആറുപേർക്ക് ജീവൻ നഷ്ടമായതായും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്.
എരുമേലി പമ്പാവാലിയിലെ കണമല ഭാഗത്ത് 30 അപകടമാണ് തീർഥാടനകാലത്ത് സംഭവിച്ചത്. ഇവിടെ നാലുപേർ മരണപ്പെട്ടു. മുണ്ടക്കയം റോഡിലെ കണ്ണിമല വളവിൽ നാല് അപകടങ്ങളിലായി രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്.
കണമലയിലും കണ്ണിമലയിലും വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതപരിഹാരം വേണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വളവുകൾ നിവർത്തുന്നതിനൊപ്പം റോഡുകൾക്ക് വീതി കൂട്ടണമെന്ന ശിപാർശയും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. റിപ്പോർട്ട് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പൊതുമരാമത്ത് വകുപ്പിന് കൈമാറി.
അപകടങ്ങൾ കുറക്കാൻ കണ്ണിമല മഠംപടിയിലെ കൊടുംവളവ് നിവർത്തണമെന്നും റോഡിന്റെ വീതി കൂട്ടണമെന്നും റിപ്പോർട്ടിൽ പറയുന്നു. കണമലയിലെ അപകടം കുറക്കാൻ കീരിത്തോടുവഴി എരുത്വാപ്പുഴ മുതൽ കണമലവരെ നിർമിച്ച സമാന്തര റോഡ് ഗതാഗതയോഗ്യമാക്കണം. 2015ൽ നിർമിച്ച 2.5 കിലോമീറ്റർ റോഡിന്റെ ഒരുഭാഗം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. ഈ റോഡ് അറ്റകുറ്റപ്പണി നടത്തി അടുത്ത സീസൺ മുതൽ വൺവേയായി ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കണമല അട്ടിവളവിലും കണ്ണിമലയിലും സീസണിന്റെ തുടക്കംതന്നെ തീർഥാടകരുടെ വാഹനങ്ങൾ മറിഞ്ഞിരുന്നു.
പമ്പാവാലിയിലെ കണമല അട്ടിവളവിലും മുണ്ടക്കയം റോഡിലെ കണ്ണിമല ഇറക്കത്തിലും അപകടങ്ങൾ ഉണ്ടാകാതെ ഒരു മണ്ഡല-മകരവിളക്ക് കാലവും കടന്നുപോയിട്ടില്ലെന്നതാണ് സ്ഥിതി. വേഗത്തിലെത്തുന്ന വാഹനങ്ങൾ കണ്ണിമല ഇറക്കത്തിലെ വളവില്‍ തിരിയാനാകാതെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍വശത്തെ താഴ്ചയിലേക്ക് മറിയുകയാണ്. ഇതേ തുടര്‍ന്ന് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചതോടെ വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയുന്നതു കുറഞ്ഞിരുന്നെങ്കിലും അപകടങ്ങൾ കുറഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് ബസ് മറിഞ്ഞ സംഭവവും ഉണ്ടായിരുന്നു.
കണ്ണിമലയിൽ നിരവധി തീർഥാടന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. അടുത്തിടെ ബസ് മറിഞ്ഞ് ആറ് അയ്യപ്പഭക്തർക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിൽനിന്നുള്ള അയ്യപ്പഭക്തരുടെ ബസാണ് മറിഞ്ഞത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. ഈ ഭാഗത്തെ റോഡിന്റെ അപാകതകൾ പരിഹരിക്കാൻ നാറ്റ്പാക്കും പൊലീസ്, മോട്ടോർ വാഹന വകുപ്പും പലതവണ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
നേരത്തേ, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് അധികൃതർ കണമലയിലും കണ്ണിമലയിലും പരിശോധന നടത്തിയിരുന്നു. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി കുറക്കാൻ ലക്ഷ്യമിട്ട് മാർക്കിങ്ങും നടത്തി. കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി യോഗം കണമല ഉൾപ്പെടെ ശബരിമല പാതയിലെ അപകട മേഖലകളിൽ വിവിധ ഭാഷകളിൽ കൂടുതൽ സൂചന ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.