വൈദ്യുത തൂണിൽ നിന്നും റോഡിലേക്ക് നീണ്ടു നിൽക്കുന്ന ഇരുമ്പ് കമ്പി പ്ലാസ്റ്റിക്ക് കൊണ്ട് മൂടി കെട്ടിയ നിലയിൽ, 2. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഈരാറ്റുപേട്ട റോഡിലെ നടപ്പാതയിൽ അപകട ഭീഷണിയായ ഇരുമ്പു കുറ്റികളും വേലിയും
കാഞ്ഞിരപ്പള്ളി: തിരക്കേറിയ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ നടപ്പാതയിൽ അപകടം പതിയിരിക്കുന്നു. പേട്ട കവലയിൽ ഈരാറ്റുപേട്ട റോഡിലെ നടപ്പാതയിലാണ് കാൽനടക്കാർക്ക് ഭീഷണിയായി നടപ്പാതയിൽ ഇരുമ്പ് കുറ്റിയും, ഇരുമ്പ് വേലിയും. ഇതിന് പുറമെ സമീപത്തുള്ള വൈദ്യുത തൂണിൽ നിന്നും റോഡിലേക്ക് നീണ്ടു നിൽക്കുന്ന ഇരുമ്പ് കമ്പി യാത്രക്കാരുടെ ദേഹത്ത് തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇരുമ്പ് കമ്പി തട്ടി മുറിവ് ഉണ്ടാകുവാനുള്ള സാധ്യത കണ്ട് നാട്ടുകാർ ഇത് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് താൽകാലികമായി മൂടി കെട്ടിവച്ചിരിക്കുകയാണ്.
മുമ്പ് പാതയോരത്ത് ഉണ്ടായിരുന്ന സൈൻ ബോർഡ് മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ കുറ്റികളാണ് നടപ്പാതയിൽ അവശേഷിക്കുന്നത്. കുറ്റികൾ നിലനിർത്തിയാണ് അധികൃതർ തറയോട് പാകി നടപ്പാത മോടി പിടിപ്പിച്ചത്. കാൽനടക്കാർ കുറ്റിയിൽ തട്ടി റോഡിലേക്ക് വീണാൽ വാഹനങ്ങൾക്ക് അടിയിൽപെടാനുള്ള സാധ്യത ഏറെയാണ്. ഇതിന് സമീപത്താണ് യാത്രക്കാർക്ക് തടസ്സമായി നടപ്പാതയിൽ ഇരുമ്പ് വേലി കിടക്കുന്നത്.
യാത്രക്കാർക്ക് തടസ്സമായ ഇരുമ്പു കുറ്റിയും മറ്റും നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും, വൈദ്യുതി ബോർഡിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരിസരവാസികൾ പറഞ്ഞു. യാത്രക്കാരുടെ ജീവന് ഭീഷണിയായ നടപ്പാതയിലെ തടസങ്ങൾ മാറ്റി യാത്ര സുഗമമാക്കുവാൻ അധികൃതർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.