കറുകച്ചാൽ: കറുകച്ചാൽ-നെത്തല്ലൂർ കുരിശുകവല മിനി ബൈപാസ് നിർമിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇതുവരെ നിർമാണ പ്രവർത്തനം ആരംഭിച്ചില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈപാസിന്റെ നിർമാണം ഈ വർഷവും പൂർത്തിയാക്കുമെന്ന് ഉറപ്പില്ല. കറുകച്ചാൽ ഗുരുമന്ദിരത്തിന് സമീപത്തുകൂടെ ആരംഭിക്കുന്ന ബംഗ്ലാംകുന്ന് വഴിയുള്ള പി.ഡബ്ല്യു.ഡി റോഡാണ് ബൈപാസാക്കി നവീകരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിയും. കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെത്തല്ലൂരിലെത്താതെ എളുപ്പത്തിൽ കുരിശുകവലയിലെത്താം. രണ്ടര കിലോമീറ്ററുള്ള ബൈപാസ് നഗരത്തിന് ഏറ്റവും അനിവാര്യമാണ്. നീണ്ടുപോകാതെ എത്രയും വേഗം നിർമാണം ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബൈപാസ് നിർമാണത്തിന് മുന്നോടിയായി ജൽ ജീവൻ മിഷന്റെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതാണ് തടസ്സമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ നിലവിൽ ബൈപാസിന്റെ ടെൻഡർ നടത്താൻ കഴിയൂ. റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. ഒരുവശത്ത് മാത്രമാണ് ഇപ്പോൾ പൈപ്പിട്ടത്. പൈപ്പുകൾ പൂർണമായി സ്ഥാപിക്കാൻ ഇനിയും വൈകും. ഇത് ബൈപാസ് നിർമാണം ഇനിയും നീളാൻ കാരണമാകും. നിലവിൽ റോഡിലെ പഴയ കലുങ്കുകളിൽ ചിലത് പൊളിച്ച് പണിയാൻ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് പൊതുമരാമത്തു വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.