കോട്ടയം: അംഗങ്ങളറിയാതെ എടുത്ത വായ്പാ തുക അയൽക്കൂട്ടത്തിൽ വീതിച്ചുനൽകി, സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽനിന്ന് തലയൂരി സി.പി.എം പ്രാദേശിക നേതാവുകൂടിയായ കുടുംബശ്രീ സെക്രട്ടറി. അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ സൗപർണിക കുടുംബശ്രീ സെക്രട്ടറിയും സി.ഡി.എസ് അംഗവുമായ വിജയ പുഷ്പകുമാറാണ് പലിശ സഹിതം അഞ്ചരലക്ഷം രൂപ തിരിച്ചുനൽകിയത്.
15 ലക്ഷം രൂപയെന്ന് അയൽക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ച് 20 ലക്ഷം രൂപ ലിങ്കേജ് വായ്പയെടുക്കുകയും അഞ്ചുലക്ഷം മറ്റൊരു കുടുംബശ്രീയിലെ അംഗത്തിന് നൽകുകയും ചെയ്തെന്നായിരുന്നു പരാതി. പ്രസിഡന്റ് ജയമ്മയുടെ പേരിൽ അംഗങ്ങൾ ജില്ല മിഷൻ കോഓഡിനേറ്റർക്കാണ് പരാതി നൽകിയത്. ആക്ഷേപം ഉയർന്നതോടെ അന്വേഷണം നടത്തി പണം തിരിച്ചടപ്പിച്ചതായി സി.ഡി.എസ് ചെയർപേഴ്സൻ ഷെബീന നിസാർ പറഞ്ഞു. ഏറ്റുമാനൂർ യൂനിയൻ ബാങ്കിൽനിന്നെടുത്ത വായ്പയും തിരിച്ചടച്ചതായി അവർ വ്യക്തമാക്കി.
അംഗങ്ങൾക്ക് ലിങ്കേജ് വായ്പ നൽകുന്നതിന് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽനിന്ന് 2024 മാർച്ച് 13നാണ് തുക എടുത്തത്. സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രസിഡൻറും മറ്റ് അംഗങ്ങളും ബാങ്ക് പാസ്ബുക്ക് കാണിക്കാൻ സെക്രട്ടറിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും തയാറായില്ല. സ്റ്റേറ്റ്മെൻറ് എടുത്തപ്പോഴാണ് 20 ലക്ഷം രൂപ വായ്പ എടുത്തതായി അറിയുന്നത്.
ചോദിച്ചപ്പോൾ 20 ലക്ഷം രൂപ എടുത്തതായും അഞ്ചുലക്ഷം സി.ഡി.എസ് ചെയർപേഴ്സന്റെ അറിവോടെ കൃപ കുടുംബശ്രീക്ക് നൽകിയെന്നും വിജയ പുഷ്പകുമാർ അറിയിച്ചു. എന്നാൽ, പണം വാങ്ങിയിട്ടില്ലെന്നും സംഘത്തിലെ ഒരംഗത്തിന് നൽകിയതാണെന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കൃപ കുടുംബശ്രീ പ്രസിഡന്റ് വ്യക്തമാക്കിയത്.
തനിക്ക് കുടുംബശ്രീ ചെയർപേഴ്സന്റെ അറിവോടെ വ്യക്തിപരമായി തന്നതാണെന്ന് തുക വാങ്ങിയ അംഗം സൗപർണിക കുടുംബശ്രീ അംഗങ്ങളെ അറിയിക്കുകയും ചെയ്തു. അഞ്ചുവർഷത്തെ കാലാവധിയിൽ എടുത്ത വായ്പ മൂന്നുവർഷത്തേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ തുക തങ്ങളിൽനിന്ന് അടപ്പിച്ചതായി അംഗങ്ങൾ പറയുന്നു.
എന്നാൽ, തങ്ങളുടെ പണം തിരിച്ചുകിട്ടിയതിനാൽ ഇനി പരാതിയില്ലെന്ന നിലപാടിലാണ് സൗപർണിക കുടുംബശ്രീ അയൽക്കൂട്ടത്തിലെ ചില അംഗങ്ങൾ. പ്രശ്നങ്ങൾ പരിഹരിച്ചതായും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ചിലർ വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നും ഒരു വിഭാഗം പരാതിപ്പെടുമ്പോൾ പണം തിരിച്ചടച്ചാൽ പ്രശ്നം ഇല്ലാതാകുമോ എന്ന് മറുവിഭാഗവും ചോദിക്കുന്നു.
അതേസമയം, സെക്രട്ടറിക്കും ചെയർപേഴ്സനുമെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മൂന്നാംവാർഡിലെ ഒരു കുടുംബശ്രീ അംഗം പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. വിഷയം പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തേക്കും.
15നാണ് പരാതി ലഭിച്ചത്. 16നുതന്നെ പണം തിരിച്ചടപ്പിച്ച് പരാതി തീർപ്പാക്കി. പണം ആവശ്യമുണ്ടെന്ന് അംഗങ്ങൾ പറഞ്ഞതിനാൽ അയൽക്കൂട്ടത്തിൽ വീതിച്ചുനൽകുകയായിരുന്നു. യൂനിയൻ ബാങ്കിലെ വായ്പയും തിരിച്ചടച്ചതിന്റെ രസീത് ഹാജരാക്കി. ഈ രണ്ടു കാര്യങ്ങളിലാണ് അംഗങ്ങൾ പരാതി ഉന്നയിച്ചത്. സെക്രട്ടറിയെ മാറ്റുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ല -ഷെബീന നിസാർ, സി.ഡി.എസ് ചെയർപേഴ്സൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.