പൊൻകുന്നം: നിയമസഭയുടെ സഹകരണത്തോടെ ചിറക്കടവിൽ സംഘടിപ്പിച്ച മാതൃക നിയമസഭ പുതു തലമുറക്ക് ജനാധിപത്യത്തെയും നിയമസഭ പ്രവർത്തനങ്ങളെകുറിച്ചും അറിയാനുള്ള വേദിയായി. നിയമസഭയുടെ പ്രവർത്തനങ്ങൾ അതേപടിയാണ് ആവിഷ്കരിച്ചത്. പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്നുമുള്ള ‘നിയമസഭാംഗങ്ങളും ഗവര്‍ണറും ജീവനക്കാരും’ ഉള്‍പ്പടെ 147 വിദ്യാര്‍ഥികൾ പരിപാടിയുടെ ഭാഗമായി.
പൊന്‍കുന്നം ഗവ.വി.എച്ച്.എസ്.എസിലെ അമിന ഹാരീസ് ‘ഗവര്‍ണറും’, സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ അലന് സോണി ‘സ്പീക്കറും’ എ.കെ.ജെ.എം.സ്കൂളിലെ അലക്സ് ജോസ് ‘മുഖ്യമന്ത്രി’യും സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ആന്മരിയ ജോര്‍ജ് ‘പ്രതിപക്ഷനേതാവാ’യും മാതൃക നിയമസഭയിലെത്തി.
10 വയസിന് മുകളിലുള്ള എല്ലാവരിലേക്കും ഭരണഘടനയുടെ സന്ദേശമെത്തിക്കാൻ ചിറക്കടവ് പഞ്ചായത്ത് ആവിഷ്കരിച്ചതാണ് ‘നാം ഇന്ത്യക്കാർ’-സമ്പൂർണ ഭരണഘടന സാക്ഷരതായജ്ഞം പദ്ധതി.
കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ നടന്ന മാതൃകാനിയമസഭ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനം തുടങ്ങിയത്. പിന്നീട് ചോദ്യോത്തര വേള. ലഹരിവ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളെപ്പറ്റി ഭരണപക്ഷത്ത് നിന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിന് എക്സൈസ് മന്ത്രി മറുപടി നല്കി. അടിയന്തിര പ്രമേയ ചര്‍ച്ച, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്, നന്ദിപ്രമേയ ചര്‍ച്ച എന്നിവയും നടത്തി. സഭ നടപടികളുടെ സുരക്ഷക്കായി വെള്ള വസ്ത്രങ്ങളണിഞ്ഞ് വാച്ച് ആൻഡ് വാർഡുകളും ഉണ്ടായിരുന്നു. നിയമസഭ ജോ. സെക്രട്ടറിമാരായ ജി.പി.ഉണ്ണികൃഷ്ണന്, വി.ജി.റിജു, ഡെപ്യൂട്ടി സെക്രട്ടറി അനില്‍ കുമാര്‍, സെക്ഷന്‍ ഓഫീസര്‍ എസ്.സജു എന്നിവർ നിയമസഭ നടത്തിപ്പിനായി മൂന്നുദിവസത്തെ പരിശീലനം കുട്ടികൾക്ക് നൽകി.
ഭരണഘടനയെ പരിചയപ്പെടുത്തല്‍, നിയമസഭ മ്യൂസിയം പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും മാതൃക നിയമസഭയുടെ ഭാഗമായി നടന്നു. പദ്ധതിയുടെ ഭാഗമായി കില തയ്യാറാക്കിയ ഭരണഘടനയുടെ പുസ്തകവും ഭരണഘടനയുടെ ആമുഖവും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിക്കും. ഭരണഘടനാ സാക്ഷരതയജ്ഞത്തിന്റെ അവസാനം മെഗാ പരീക്ഷയും മെഗാക്വിസും നടത്തി വിജയികൾക്ക് പുരസ്കാരങ്ങളും നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷനായി.
നിയമസഭ മ്യൂസിയത്തിന്റെ പ്രദര്‍ശനം തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. നിയമസഭ ജോയിന്റ് സെക്രട്ടറി ജി.പി.ഉണ്ണികൃഷ്ണന് ആമുഖപ്രഭാഷണം നടത്തി.
കില ഡയറക്ടർ സുദേശൻ, ജില്ല പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, സിസ്റ്റർ ലിറ്റിൽ റോസ്, ഫാ.അഗസ്റ്റിൻ പീടികമല, ജനപ്രതിനിധികളായ ബി.രവീന്ദ്രൻ, മിനി സേതുനാഥ്, ഐ.എസ്. രാമചന്ദ്രൻ, ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, എം.ജി. വിനോദ്, കെ.എ. എബ്രാഹം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.