പൊൻകുന്നം: കാഞ്ഞിരപ്പള്ളി - മണിമല -കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് 85.81 കോടി രൂപയുടെ കിഫ്ബി അന്തിമ അനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റര്‍ ഭാഗവും മണിമല മുതല്‍ കുളത്തൂര്‍ മൂഴി വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗവും ചേര്‍ന്നുള്ള 18.362 കിലോമീറ്റർ നവീകരണത്തിനാണ് ഡി.പി.ആര് തയാറായത്. പ്രസ്തുത ഭാഗത്തിന് മധ്യത്തിലായി വരുന്ന മണ്ണനാനി മുതല്‍ മണിമല വരെയുള്ള ഭാഗം പുനലൂര്‍ -മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
നിലവിലെ റോഡിന്റെ വീതി ഏട്ട് മീറ്റര്‍ എന്നത് 10 മീറ്റര്‍ വീതിയാക്കി വർധിപ്പിക്കാനാവശ്യമായ സ്ഥലം സങ്കീര്‍ണമായ സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് പോകാതെ സൗജന്യമായി വിട്ടുതരാന്‍ വസ്തു ഉടമകള്‍ തയാറായത് പദ്ധതി വേഗം യാഥാർഥ്യമാക്കാൻ സഹായകമായെന്ന് എം.എൽ.എ പറഞ്ഞു.
നിലവിലെ റോഡ് സെന്റര്ലൈന് നിലനിര്‍ത്തി പരമാവധി വളവുകള്‍ നിവര്‍ത്തി ആധുനിക നിലവാരത്തിലാണ് നിർമാണം.
രണ്ടു വശങ്ങളിലും ഫുട്പാത്ത്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ടെലിഫോണ്‍സ് എന്നിവയുടെ യുട്ടിലിറ്റി സൗകര്യവും മറ്റ് ആധുനിക റോഡ് സുരക്ഷാ സാമഗ്രികളും ഉള്‍പ്പെടുത്തും. കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ് നിർമാണ ചുമതല.
പദ്ധതിയുടെ ആരംഭത്തില്‍ ട്രാഫിക് സാന്ദ്രതാ പഠനം നടത്തിയതില്‍നിന്ന് ഇപ്പോള്‍ മാറ്റം വന്നത് കൂടി പരിഗണിച്ച് നാറ്റ്പാക്ക് വീണ്ടും പഠനറിപ്പോര്‍ട്ട് തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്.
വിവിധ ഏജന്‍സികളുടെ പഠനം വൈകിയത് ഡി.പി.ആര് തയാറാക്കാൻ കാലതാമസം നേരിട്ടു. ഇനി സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളും മാത്രമാണ് ബാക്കിയുള്ളതെന്നും ജയരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.