തലയോലപ്പറമ്പ്: ആരംഭിച്ച് 15 വർഷം പിന്നിടുമ്പോഴും കെട്ടിട നിർമാണം പൂർത്തിയാക്കാതെ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് സമുച്ചയം. 2005-2010 കാലയളവിലെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയാണ് തലയോലപ്പറമ്പ് ബസ്സ്റ്റാൻഡും വ്യാപാര സമുച്ചയവും നിർമിക്കാൻ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയത്.
ദിനേന നൂറിലധികം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിലെത്തി സർവിസ് നടത്തുന്നത്. കമ്പനിയുമായി ബന്ധപ്പെട്ടവർ ബസ് ഒന്നിന് 20 രൂപ നിരക്കില്‍ ദിനംപ്രതി ഈടാക്കുന്നുണ്ട്. ഈയിനത്തിൽ മാത്രം മാസം 60,000 രൂപയോളം ലഭിക്കുന്നുമുണ്ട്. ബസ് സ്റ്റാൻഡില്‍നിന്ന് പഞ്ചായത്തിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. എന്നിട്ടും കരാർ പുതുക്കാനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പ്രതികരണം.
സ്വകാര്യ കമ്പനിക്ക് കൈമാറും മുമ്പ് വർഷം 10 ലക്ഷത്തിലധികം രൂപ ബസ്സ്റ്റാൻഡ്, ഇവിടെ പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ തുടങ്ങിയവയില്‍നിന്ന് പഞ്ചായത്തിന് ലഭിച്ചിരുന്നു. നിർമാണം പൂർത്തിയാക്കി 39 വർഷവും ഒമ്പത് മാസവും പിന്നിട്ട് കെട്ടിടവും സ്റ്റാൻഡും പഞ്ചായത്തിന് കൈമാറുമെന്നാണ് കരാർ വ്യവസ്ഥ. നിർമാണം പൂർത്തിയാകാതെ കിടന്നാൽ സ്റ്റാൻഡ് എക്കാലവും കരാറുകാരന്റെ കൈവശത്താകും.
പ്രതിഷേധം ഉയരുമ്പോള്‍ വ്യാപാര സമുച്ചയത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പറഞ്ഞ് കമ്പനി നിർമാണം പൂർത്തിയാക്കാതെ മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപണമുണ്ട്. സ്വകാര്യ കമ്പനിയുമായുള്ള കരാർ റദ്ദാക്കി തലയോലപ്പറമ്പ് ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവുമടക്കമുള്ള സ്ഥലവും പഞ്ചായത്ത് വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഏറ്റെടുക്കാനാളില്ലാതെ കടമുറികൾ
വ്യാപാര സമുച്ചയത്തിലെ കടമുറികളില്‍ നല്ലൊരു പങ്ക് ആരും ഏറ്റെടുക്കാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണ്. ആരംഭിച്ച സ്ഥാപനങ്ങളെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. വൻതുക മുൻകൂറും വലിയ തുക വാടകയും നല്‍കേണ്ടിവരുന്നതിനാലാണ് ഇടത്തരക്കാരായവർക്ക് മുറിയെടുത്ത് വ്യാപാരം ആരംഭിക്കാൻ കഴിയാത്തതെന്ന് ആക്ഷേപമുണ്ട്.
സ്വകാര്യ ബസ്സ്റ്റാൻഡ് വ്യാപാര സമുച്ചയ കരാർ അട്ടിമറിച്ച കമ്പനിക്കെതിരെ പഞ്ചായത്തും രംഗത്തെത്തിയതായാണ് വിവരം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗങ്ങൾ സാമൂഹികവിരുദ്ധരുടെ ആവാസകേന്ദ്രമാക്കിയിരിക്കുകയാണ്.
സ്റ്റാൻഡിലെ ഒഴിഞ്ഞ കെട്ടിടങ്ങളും അടുത്തുള്ള ബഷീർ മെമോറിയൽ സ്കൂൾ പരിസരവും ഇരുട്ടായാൽ ഭിക്ഷാടകരുടെയും ലഹരിവിൽപനക്കാരുടെയും പിടിയിലാവും. ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.