കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിലെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രത്തിന്റെ കാര്യത്തിൽ തീരുമാനമായെങ്കിലും കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾ ഇപ്പോഴും വഴിയാധാരം. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിൽ വ്യാപാരികളുടെ പുനരധിവാസം അജണ്ടയിലുണ്ടായിരുന്നെങ്കിലും സമയം വൈകിയതിനാൽ ചർച്ചക്കെടുത്തില്ല. ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ നിലവിലുള്ള കേസിൽ 17ന് ഇതുസംബന്ധിച്ച പുരോഗതി അറിയിക്കണം. അതിനുമുമ്പ് അടിയന്തിര കൗൺസിൽ ചേർന്ന് വിഷയം ചർച്ച ചെയ്തേക്കും.
കെട്ടിടം പൊളിക്കുന്നതിന് മുമ്പ് 2022 നവംബർ 10ന് കൂടിയ അടിയന്തിര കൗൺസിലിൽ 34 വ്യാപാരികൾക്ക് മൂന്ന് അടിനീളവും വീതിയുമുള്ള കടമുറികൾ പണിയാൻ അനുമതി നൽകുമെന്നാണ് നഗരസഭ ഭരണാധികാരികൾ പറഞ്ഞത്. എന്നാൽ, കെട്ടിടം പൊളിച്ചു കഴിഞ്ഞപ്പോൾ കടമുറികൾക്ക് അനുമതി നൽകിയില്ല. 2023 സെപ്തംബറിലാണ് ദുരന്തനിവാരണത്തിന്റെ പേരിൽ കലക്ടർ തിരുനക്കര സ്റ്റാൻഡിൽ ബസ് പ്രവേശിക്കുന്നത് തടയുകയും ബസുകൾ താത്കാലികമായി വഴി തിരിച്ചുവിടുകയും ചെയ്തത്. സെപ്റ്റംബർ 14ന് ആരംഭിച്ച ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ പലകാരണങ്ങളാൽ നാല് മാസത്തോളം നീണ്ടു. പൊളിക്കൽ കഴിഞ്ഞപ്പോൾ നഗരസഭ ബസ് സ്റ്റാൻഡ് മൈതാനം പേ ആൻഡ് പാർക്കായി ഉപയോഗിക്കാൻ തീരുമാനിച്ചു. അതിനു ശേഷം ഉത്സവത്തിന് കാർണിവൽ നടത്താൻ കൊടുത്തു. എന്നാൽ സ്റ്റാൻഡ് പൊതുജനത്തിന് യാത്രക്കായി ഉപയോഗിക്കാൻ നൽകിയിരുന്നില്ല. പിന്നീട് പരാതിയുടെ വ്യാപകമായതിനെത്തുടർന്ന് ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടതോടെയാണ് ബസുകൾ കടത്തിവിടാനും താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം പണിയാനും തീരുമാനമായത്. ലീഗൽ സർവിസ് അതോറിറ്റി നിർദേശമുള്ളതിനാൽ തങ്ങളുടെ പുനരധിവാസവും നടപ്പാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.