വൈക്കം: കരിയാർ സ്പിൽവേയുടെ ഷട്ടർ താഴ്ത്താത്തത് കർഷകർക്ക് ഭീഷണിയാകുന്നു. വേമ്പനാട്ടുകായലിൽ വേലിയേറ്റം വർധിച്ചതോടെ, നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷിയിടങ്ങളിൽ ഓരുവെള്ളം കയറുന്നത് മൂലം കൃഷിനാശം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇതോടെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിലായി. തീരദേശത്തെ വിവിധ പഞ്ചായത്തുകളിലും ജനജീവിതം ദുസ്സഹമായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ വടക്കൻ മേഖലകളിൽ ഉപ്പുവെള്ളം ശക്തിയോടെ ഒഴുകിയെത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കരിയാർ സ്പിൽവേയുടെ താഴ്ത്താതിരുന്നുതും വെള്ളം കയറുന്നത് ശക്തമാക്കാൻ കാരണമായി.
ഉപ്പുവെള്ള പ്രതിരോധനത്തിനായി തലയാഴം, ടി.വി പുരം, വൈക്കം നഗരസഭ പരിധിയിലുള്ള നൂറുകണക്കിനു വീടുകളിൽ വെള്ളംകയറി. പനമ്പുകാട്, കരിയിൽമേഖല, നടുവിലേക്കാട്, മുത്താനിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ ഉപ്പുവെള്ളം കയറി. ഓരുവെള്ള പ്രതിരോധത്തിനായി വെച്ചൂർ, തലയാഴം, ടി.വി പുരം നഗരസഭ പഞ്ചായത്തുകളിൽ ഓരുമുട്ടുകൾ സ്ഥാപിച്ചിരുന്നെങ്കിലും സ്പിൽവേയുടെ ഷട്ടർ താഴ്ത്താതിരുന്നത് കൃഷിനാശത്തിന് കാരണമായി.
അപ്രതീക്ഷികമായി ഓരുവെള്ളം കയറിയതിനെ തുടർന്ന് മറവൻതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ തറവട്ടം, മേക്കര, ചെമ്മനാകരി, പഞ്ഞിപ്പാലം എന്നിവിടങ്ങളിലെ നൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്. ഉദയനാപുരം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ 53 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് ഉള്ളത്.
ഡിസംബർ പകുതിയോടെ ഉപ്പുവെള്ളം കയറാതെ കണിയാംതോട്, തേനാമിറ്റം എന്നിവിടങ്ങളിൽ മുട്ട് സ്ഥാപിക്കാറുണ്ടെങ്കിലും ഈവർഷം ഇതുവരെ മുട്ട് സ്ഥാപിച്ചിട്ടില്ല. കായലിൽ വേലിയേറ്റം വർധിച്ചതോടെ മിക്ക പാടശേഖരങ്ങളിലും ഉപ്പുവെള്ളം കയറിയിറങ്ങുന്ന സാഹചര്യമാണ്. മുട്ട് സ്ഥാപിച്ച് കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
കായലിൽ വേലിയേറ്റം വർധിച്ചതോടെ മിക്ക പാടശേഖരങ്ങളിലും ഉപ്പുവെള്ളം കയറിയിറങ്ങുന്ന സാഹചര്യമാണ്. മൂന്നാംഘട്ടത്തിൽ 28 ഷട്ടറുകളാണ് തുറക്കുന്നത്. ദിവസവും വൈകീട്ട് അഞ്ചിന് തുറക്കുന്ന ഷട്ടറുകൾ പുലർച്ച ഒന്നിനാണ് അടക്കുന്നത്. അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യാതിരുന്നതും പ്രതിസന്ധിക്ക് കാരണമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 90 ഷട്ടറുകളും നാല് ലോക്ക് ഷട്ടറുകളുമാണ് തണ്ണീർമുക്കം ബണ്ടിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.