വൈക്കം: കേരളം പ്രഖ്യാപിച്ച വൈക്കത്തെ സത്യഗ്രഹ ശതാബ്ദി സ്മാരകമന്ദിരം ജലരേഖയായി മാറിയപ്പോൾ തമിഴ്നാട് സർക്കാറിന്റെ തന്തൈപെരിയോർ സ്മാരകം പുതുക്കിപ്പണിയുമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുന്നു. 2023 ഏപ്രിൽ ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഈ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഹർഷാരാവത്തോടെയാണ് ജനം സ്വീകരിച്ചത്. പക്ഷേ, തുടർനടപടിയുണ്ടായില്ല. സി.കെ. ആശ എം.എൽ.എ വിഷയം സഭയിൽ ഉന്നയിക്കുകയും പണം അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്മാരകം എന്ത്, എവിടെ, എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
വലിയ കവലയിൽ തമിഴ്നാട് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇ.വി. രാമസ്വാമി നായ്കർ സ്മാരകം നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ പ്രഖ്യാപിച്ചു.
8.14 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. അന്തിമ ഘട്ടത്തിൽ എത്തിയ സ്മാരകം മാർച്ചിൽ തുറക്കുമെന്ന് സ്ഥലം സന്ദർശിച്ച തമിഴ്നാട് മന്തി എം.പി സ്വാമിനാഥൻ അറിയിച്ചിരുന്നു. ഇതോടൊപ്പം തന്തൈപെരിയോർ ജയിൽവാസം അനുഭവിച്ച അരൂക്കുറ്റിയിലും സ്മാരകം നിർമിക്കാൻ പ്രാരംഭനടപടി ആരംഭിച്ചിട്ടുണ്ട്.
കേരള സർക്കാറിനൊപ്പം നഗരസഭയും പ്രഖ്യാപനം നടത്തിയിരുന്നു. ബജറ്റിൽ സ്ഥാനം പിടിച്ചു. നഗരസഭ ഓഫിസ് സത്യഗ്രഹ സ്മാരക ഓഫിസായി പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല.
സ്മാരകം കടലാസിൽ മാത്രമായി ഒതുങ്ങി. ഈമാസം 12ന് നവീകരിച്ച തന്തൈ പെരിയോർ സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാൻ, വി.എം.വാസവൻ, തമിഴ്നാട് മന്ത്രിമാരായ ഇ.വി.വേലു, എം.പി. സ്വാമിനാഥൻ എന്നിവരും പങ്കെടുക്കും.
നിർമാണം പൂർത്തികരിച്ച പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മ്യൂസിയം, മുകളിൽ ഓഫിസുമുണ്ട്. രാമസ്വാമി നായ്ക്കരുടെ പ്രതിമക്ക് മുന്നിൽ വലിയകവാടം, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക്, ലൈബ്രറിയും സ്മാരക മന്ദിരത്തിലുണ്ട്.
ഒപ്പം പെരിയോറുടെ ജീവചരിത്രം, കടന്നവന്ന ജീവിതവഴികളും മറ്റു സമരചരിത്രവും, പെരിയോറെ സംബന്ധിച്ച മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ജീവചരിത്രവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.