കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. തട്ടിപ്പിനിരയായ മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ. ഫാത്തിമബി വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നയാളാണ് തട്ടിപ്പിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തത് ഈ മൊബൈൽ നമ്പറായിരുന്നു എന്നതിനാൽ ആദ്യമേ ഈ നിലക്കുള്ള സംശയം ഉയർന്നിരുന്നു.
വീട്ടമ്മയുടെ അക്കൗണ്ടിലെ പണം ഒരു അക്കൗണ്ടിലേക്കാണ് പോയത് എന്നും കണ്ടെത്തി. യു.പി.ഐ വഴിയാണ് പണം ട്രാൻസ്ഫർ ചെയ്തത്. പണം പിൻവലിച്ചയാളുടെ യു.പി.ഐ അക്കൗണ്ടിലും വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർ തന്നെയാണുള്ളത്. അസം സ്വദേശിയാണ് ഈ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇയാളുടെ പേര്, വിലാസം അടക്കമുള്ളവ ശേഖരിച്ചുവരുന്നതേയുള്ളൂ. പന്നിയങ്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അക്കൗണ്ടുള്ള യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ശാഖയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് പണം എത്തിയ അക്കൗണ്ടിനെക്കുറിച്ചുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം, ബാങ്കിന്റെ സാങ്കേതിക വിദഗ്ധരുൾപ്പെട്ട സംഘവും തട്ടിപ്പിൽ അന്വേഷണം തുടരുകയാണ്. ബാങ്കിന്റെ ആപ് വഴി ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് യു.പി.ഐ അക്കൗണ്ട് തുടങ്ങാനാവില്ലെന്ന് ബാങ്ക് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
പണം തട്ടിയത് പഴയ മൊബൈൽ നമ്പർ ഉപയോഗിക്കുന്ന ആളാണോ എന്ന സംശയത്തിൽ ആ മൊബൈൽ നമ്പറിലേക്ക് വീട്ടമ്മയുടെ കുടുംബം നേരത്തേ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ ആദ്യം പ്രതികരിച്ചിരുന്നില്ല. നിമിഷങ്ങൾക്കകം അസമിലെ പൊലീസ് എസ്.പിയാണെന്നും പറഞ്ഞ് മറ്റൊരു നമ്പറിൽനിന്ന് ഭീഷണി കാൾ വരുകയും ചെയ്തു. കൂടുതൽ കാര്യങ്ങൾ ചോദിച്ചതോടെ ഫോൺ കട്ടാക്കി.
ഈ ഫോൺ നമ്പറുകൾ ഉൾപ്പെടെ പൊലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ നമ്പർ ഉപയോഗിച്ച ടവർ ലൊക്കേഷൻ അനുസരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അന്വേഷണ സംഘം അസമിലേക്കു പോകും. ജൂലൈ 24നും സെപ്റ്റംബർ 19നുമിടയിലാണ് വീട്ടമ്മയുടെ അക്കൗണ്ടിലെ പണം അപഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.