കോഴിക്കോട്: തീപിടിച്ച ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഫ്ലാറ്റിലെ അടുക്കള പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ച രണ്ടരയോടെ കോട്ടൂളി കെ.ടി. ഗോപാലൻ റോഡിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. ആർക്കും പരിക്കില്ല. 12 നിലയുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലെ ഡോ. രമേഷ് കൃഷ്ണന്റെ ഫ്ലാറ്റിലാണ് തീപിടിത്തം.
കുടുംബം ഉറങ്ങവെ പുലർച്ച പെട്ടെന്ന് പുക പരക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് അടുക്കളയിലെത്തി നോക്കിയപ്പോഴാണ് ഫ്രിഡ്ജ് കത്തുന്നതും പിന്നീട് പൊട്ടിത്തെറിക്കുന്നതും കണ്ടത്. ഉടൻ കുടുംബം ഫ്ലാറ്റിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പുറത്തേക്കിറങ്ങുകയും തൊട്ടടുത്ത താമസക്കാരെയെല്ലാം വിവരം അറിയിക്കുകയുമായിരുന്നു.
മാത്രമല്ല, ഫ്ലാറ്റ് സമുച്ചയത്തിലെ ഫയർ അലാറം പ്രവർത്തിപ്പിച്ച് എല്ലാവരെയും വിവരം അറിയിച്ചു. ഇതോടെ മറ്റു കുടുംബങ്ങളും ഫ്ലാറ്റിന് പുറത്തേക്കിറങ്ങി. ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയിൽ നിന്നെത്തിയ നാല് യൂനിറ്റുകളാണ് ഏറെ പാടുപെട്ടും സാഹസികമായും തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
അടുക്കളയിലെ വാഷിങ് മെഷീൻ അടക്കമുള്ള ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
സമയബന്ധിതമായി അണച്ചതിനാൽ തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരുന്നതുമാണ് വൻ അത്യാഹിതം ഒഴിവാക്കിയത്. ഏറ്റവും മുകൾ നിലയിലെ ഉൾപ്പെടെ താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി അഗ്നിരക്ഷ ഉദ്യോഗസ്ഥരെത്തിയ പാടെ പുറത്തെത്തിച്ചിരുന്നു.
സ്റ്റേഷൻ ഓഫിസർ കെ. അരുൺകുമാറിന്റെ നേതൃത്വത്തിൽ ടി.വി. പൗലോസ്, ടി. ബാബു, കെ.പി. ബാലൻ, മുഹമ്മദ് ഗുൽഷാദ്, കെ.പി. സന്ദീപ്, അനീഷ് പ്ലാസിഡ്, വി. നിധിൻ, സി.കെ. സിനീഷ്, എം. സുജിത്ത്, പി. രജീഷ്, കെ. മണി, മുരളീധരൻ എന്നിവരടങ്ങിയ അഗ്നിരക്ഷ ഉദ്യോഗസ്ഥരും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.