തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ചെലവഴിച്ചതിൽ ഗണ്യമായ കുറവെന്ന് ആക്ഷേപം. സാമ്പത്തിക വർഷം എട്ടു മാസം പൂർത്തിയായപ്പോൾ 11.7 ശതമാനം പദ്ധതി ഫണ്ടാണ് ചെലവഴിച്ചത്. സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിന് രൂപ പാഴാകുന്ന സാഹചര്യമാണുള്ളതെന്ന് ഇടതുമുന്നണി പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലയിൽ പദ്ധതി ഫണ്ട് ചെലവഴിച്ചതിൽ ഏറ്റവും പിന്നിലുള്ളത് തിരുവമ്പാടി ഗ്രാമപഞ്ചായത്താണ്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഫണ്ട് പാഴാകുന്ന സാഹചര്യമൊരുക്കുന്നതെന്നാണ് ആക്ഷേപം. ഗ്രാമപഞ്ചായത്തിന്റെ മെല്ലെപ്പോക്കിനെതിരെ സമരമാരംഭിക്കുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
അതേസമയം, 2022-23ലെ പദ്ധതി മാർഗരേഖ സംസ്ഥാന സർക്കാർ ഉത്തരവായി ഇറക്കിയത് ഏപ്രിൽ 19ന് പദ്ധതി വർഷം ആരംഭിച്ചതിനു ശേഷമാണെന്നിരിക്കെ ഏഴു മാസം പിന്നിട്ടിട്ടും പദ്ധതി ചെലവ് പിറകിലാണെന്ന ഇടതു വാദം രാഷ്ട്രീയപ്രേരിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാനും പറഞ്ഞു.
2022 മേയ് 13 മുതൽ 21 വരെ ആസൂത്രണ ഗ്രാമസഭകൾ ചേർന്ന് പദ്ധതി നിർദേശങ്ങൾ തയാറാക്കി. ജൂൺ 10ന് വികസന സെമിനാർ നടത്തുകയും ശേഷം സ്റ്റാൻഡിങ് കമ്മിറ്റികൾ ചേർന്ന് കരട് പദ്ധതികൾ തയാറാക്കി ഭരണസമിതി മുമ്പാകെ സമർപ്പിച്ച് ആവശ്യമായ ഫണ്ടുകൾ വകയിരുത്തുകയും ചെയ്തു.
ഭരണസമിതി അംഗീകരിച്ച അന്തിമ പദ്ധതി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജില്ല ആസൂത്രണ സമിതി മുമ്പാകെ സമർപ്പിച്ചു. ജൂലൈ 27ന് ഡി.പി.സിയുടെ അനുമതി വാങ്ങി.
ഗ്രാമസഭ അംഗീകരിച്ച അന്തിമ പട്ടിക ഒക്ടോബർ 15ന് ഭരണസമിതി അംഗീകരിച്ചു. ഇപ്പോഴുള്ള ഫണ്ട് വിനിയോഗത്തിലെ ശതമാന കണക്കുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ജനുവരിയിൽ 16 ശതമാനമായിരുന്നു. മാർച്ച് പൂർത്തിയായപ്പോൾ 90 ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞ വർഷം ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ ചെലവിനത്തിൽ 16.39 ശതമാനവും ഒരുമാസ പ്രവർത്തനത്തിലൂടെ നടത്താൻ കഴിഞ്ഞത് വളരെ വലിയ മുന്നേറ്റമായാണ് ഭരണസമിതി കാണുന്നത്.
പൊതുമരാമത്ത് പദ്ധതി നിർവഹണ രംഗത്ത് ഒട്ടേറെ സാങ്കേതിക പരിഷ്കരണങ്ങൾ നടന്നുവരുന്നത് പദ്ധതിപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രൈസ് സോഫ്റ്റ് വെയർ, ആസ്തി ഡിജിറ്റലൈസേഷൻ ആർ-ട്രാക്ക്, ഇ-എം ബുക്ക് തുടങ്ങിയ പരിഷ്കാരങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളിലെ ചെലവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.