അത്തോളി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരന്റെയും അനാസ്ഥ കാരണം 261 പേരുടെ നാലു മാസത്തെ വിധവ പെൻഷൻ നഷ്ടപ്പെട്ടതായി പരാതി. ജൂലൈ മാസത്തെ പെൻഷൻ കുടിശ്ശിക നവംബർ മാസത്തിൽ വിതരണംചെയ്തപ്പോഴാണ് ഇത്രയൂം പേർക്ക് പെൻഷൻ ലഭിച്ചില്ലെന്ന് മനസ്സിലാവുന്നത്. സമയബന്ധിതമായി മസ്റ്ററിങ് നടത്തുകയും പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തിൽ നൽകുകയും ചെയ്തവർക്കാണ് പെൻഷൻ നഷ്ടമായത്. 2023 മേയ് 20ന് മുമ്പായി തന്നെ സാക്ഷ്യപത്രം ഗുണഭോക്താക്കൾ സമർപ്പിച്ചിരുന്നു.
എന്നാൽ, സാക്ഷ്യപത്രം പെൻഷൻ വെബ്സൈറ്റിൽ യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്ലോഡ് ചെയ്തില്ല. ഇക്കാര്യം പരിശോധിക്കുന്നതിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ജാഗ്രത കാണിക്കുകയും ചെയ്തില്ല. സ്ഥിരം സമിതിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാക്ഷ്യപത്രം അപ്ലോഡ് ചെയ്യാത്തവരുടെ പെൻഷൻ കുടിശ്ശിക അനുവദിക്കില്ലെന്നും അപ്ലോഡ് ചെയ്യുന്ന മാസം മുതൽക്കേ പെൻഷന് അർഹത ഉണ്ടാവുകയുള്ളൂ എന്നും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതുപ്രകാരം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ 1600 വീതം 6400 രൂപ ഓരോ ഗുണഭോക്താവിനും നഷ്ടപ്പെടും. ഇതുസംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് അത്തോളി ഗ്രാമപഞ്ചായത്ത് 10ാം വാർഡ് അംഗം പി.കെ. ജുനൈസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.