അത്തോളി: കൊങ്ങന്നൂർ ആനപ്പാറ പ്രദേശത്തിന്റെ ഉത്സവമായിരുന്ന, 30 വർഷം മുമ്പ് നിലച്ചുപോയ ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു. ഓർമ മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30ന് സംഘടിപ്പിക്കുന്ന ഓർമ ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് ജലോത്സവം നടത്തുന്നത്. പ്രദേശവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ആനപ്പാറ ബോട്ട് റേസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു നേരത്തേ വർഷങ്ങളോളം ജലോത്സവം സംഘടിപ്പിച്ചത്.
ഇത്തവണത്തെ ജലോത്സവത്തിൽ അഞ്ചും രണ്ടും പേർ വീതം പങ്കെടുക്കുന്ന രണ്ട് ഇനം തോണി തുഴയൽ മത്സരം നടക്കും. അഞ്ചുപേർ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് കെ.ടി. കുഞ്ഞിരാമൻ സ്മാരക ട്രോഫിയും 10001 രൂപ കാഷ് പ്രൈസും സമ്മാനിക്കും.
രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും ലഭിക്കും. രണ്ടു പേർ പങ്കെടുക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3001 രൂപയും 2001 രൂപയും കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
കമ്പവലി, ദീർഘദൂര ഓട്ടം, ഗൃഹാങ്കണ പൂക്കള മത്സരം എന്നിവയാണ് മറ്റ് പ്രധാന മത്സരങ്ങൾ. 30ന് രാവിലെ ഒമ്പതിന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ പതാക ഉയർത്തും. വൈകീട്ട് സമാപന സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.