‘അത്തോളി: കോവിഡ് തീർത്ത പ്രതിസന്ധിയിൽ രണ്ടു ആൺമക്കളും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ സമയത്താണ് അത്തോളി അത്താണിക്ക് സമീപം ചോയികുളം സുദേഷ് നിവാസിൽ അനിത കുടുംബശ്രീ മുഖേന കേരള ചിക്കൻ ഔട്ട്ലെറ്റിനു വേണ്ടി അപേക്ഷ നൽകിയത്.
ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയാണ് കേരള ചിക്കൻ. വീടിനു മുന്നിലായുള്ള കെട്ടിടത്തിൽ ഒന്നര വർഷത്തോളമായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ഔട്ട്ലെറ്റിൽ മക്കളായ അനീഷും സുദേഷും നടത്തിപ്പുകാര്യങ്ങളിൽ അമ്മക്കൊപ്പമുണ്ട്.
കട്ടിങ്ങിനും മറ്റുമായി രണ്ടു തൊഴിലാളികൾ വേറെയുമുണ്ട്. കൂരാച്ചുണ്ട് അടക്കമുള്ള ഫാമുകളിൽനിന്ന് എത്തുന്ന കോഴികളെയാണ് വില്പന നടത്തുന്നത്. ഫാമുകൾ കുറവായിരുന്നതിനാൽ തുടക്കത്തിൽ കോഴികളെ കിട്ടാൻ പ്രയാസം നേരിട്ടിരുന്നു.
എന്നാൽ, ജില്ലയിൽ കൂടുതൽ ഫാമുകൾ തുടങ്ങിയതോടെ ഇപ്പോൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ട്. വിപണി വിലയേക്കാൾ കിലോക്ക് പതിനാറു രൂപവരെ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് കോഴിയിറച്ചി ലഭിക്കുന്നത്. ഗുണനിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളെ ഫാമുകൾക്കു കൊടുക്കുന്നതിനാൽ സാധാരണ ബ്രോയിലർ കോഴികളേക്കാൾ രുചിയും ഉണ്ടാവും.
ഇപ്പോൾ ലാഭകരമായാണ് മുന്നോട്ടുപോകുന്നത്. ചില്ലറ വില്പനക്കൊപ്പം കല്യാണത്തിനടക്കമുള്ള ഓർഡറുകളും സ്വീകരിക്കാറുണ്ട്. കുടുംബശ്രീയുടെ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയാണ് വിലനിലവാരം നിശ്ചയിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ നല്ല രീതിയിലുള്ള കച്ചവടം ഉണ്ടാകാറുണ്ട്.
എന്നാൽ, കല്യാണ പാർട്ടികൾക്കടക്കമുള്ള വലിയ സംഖ്യയുടെ ഓർഡറുകൾക്ക് പണം മുൻകൂറായി അടക്കേണ്ടിവരുന്നത് ഇത്തരം ചെറുകിട ഔട്ട് ലെറ്റ് നടത്തിപ്പുകാർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നുമുണ്ട് . നടത്തിപ്പുകാർക്ക് കുടുംബശ്രീ മിഷൻ പരിശീലനം നൽകുന്നതോടൊപ്പം ഔട്ട് ലെറ്റുകളിൽ പരിശോധനയും നടത്താറുണ്ട്.
തുടക്കകാലത്ത് ഇത്തരം സംരംഭങ്ങളെ തകർക്കാൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. അമ്മക്കൊപ്പം ഈ സംരംഭത്തിന് കൂട്ടായി നാട്ടിൽതന്നെ നിൽക്കാനുള്ള തീരുമാനത്തിലാണ് അനീഷും സുദേഷും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.