ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വിദ്യാർഥിനിയുടെ കൈക്ക് ഗുരുതര പരിക്ക്. ഇയ്യാട് നീറ്റോറച്ചാലിൽ ഷാജിയുടെ മകൾ ഷഫ്നക്കാണ് (19) കൈക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റത്. ഷഫ്നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. കോഴിക്കോട് അൽസലാമ കണ്ണാശുപത്രിയിൽ ബി.എസ് സി ഒപ്റ്റോമെട്രി വിദ്യാർഥിനിയാണ് ഷഫ്ന. ഇയ്യാടുനിന്നും ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ഷഫ്ന കോഴിക്കോട്ടേക്കുള്ള ബസിൽ കയറാനായി വരവേ അശ്രദ്ധയോടെ മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ മുൻചക്രം ഷഫ്നയുടെ കൈയിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഉടൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്വകാര്യ ബസുകളുടെ അമിത വേഗതയും അശ്രദ്ധയോടെയുള്ള വരവും പോക്കും ബാലുശ്ശേരി ബസ് സ്റ്റാൻഡിലെ പതിവുകാഴ്ചയാണ്.
ജീവൻ കൈയിൽ പിടിച്ചാണ് യാത്രക്കാർ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നത്. ബസുകളുടെ അമിത വേഗതയും അശ്രദ്ധയോടെയുള്ള വരവും പോക്കും നിയന്ത്രിക്കാനും പൊലീസിന്റെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.