ബാലുശ്ശേരി: കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുകൂടിയായ ഇരുപതുകാരനും നേരെ സദാചാര ഗുണ്ടയിസം നടത്തിയ കേസിൽ പി.ടി.എ മുന്‍ പ്രസിഡന്‍റ് അടക്കം അഞ്ചു പേർ പിടിയിൽ.
തിങ്കളാഴ്ച വൈകീട്ട് സ്കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും അടുത്ത ബന്ധുകൂടിയായ ഇരുപതുകാരനും നേരെയായിരുന്നു സദാചാര ഗുണ്ടായിസം. ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് ചോദ്യം ചെയ്ത സംഘം അസഭ്യം പറയുകയും പിന്നീട് ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ടു എന്നും പരാതിയുണ്ട്. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.
പരാതിക്കാരുടെ വിശദമൊഴി രേഖപ്പെടുത്തിയ പൊലീസ് സി.പി.എം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം രതീഷ്, വിപിൻലാൽ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന അഞ്ച് ആളുകളുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
കോക്കല്ലൂർ സ്കൂളിലെ പി.ടി.എ മുന്‍ പ്രസിഡന്‍റ് കൂടിയാണ് രതീഷ്. ആയുധം കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബാലുശ്ശേരി പൊലീസ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.