ബാലുശ്ശേരി: നഷ്ടപ്പെടുന്ന ഭൂമിക്കും വീടുൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും അർഹമായ ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പാക്കണമെന്ന് എയിംസിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് ചർച്ചയിൽ പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
കിനാലൂരിൽ എയിംസ് സ്ഥാപിക്കാനായി കാന്തലാട്, കിനാലൂർ വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സാമൂഹികാഘാത പഠന റിപ്പോർട്ടിൽ നടന്ന ചർച്ചയിലാണ് നാട്ടുകാർ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ഉന്നയിച്ചത്. കിനാലൂർ വട്ടക്കുളങ്ങര മദ്റസയിൽ വെച്ച് നടന്ന ചർച്ചയിൽ റവന്യൂ ഉദ്യോഗസ്ഥരും പ്രദേശവാസികളടക്കം ഇരുനൂറോളം പേരാണ് പങ്കെടുത്തത്.
രണ്ടു വില്ലേജുകളിലുമായി ഉൾപ്പെടുന്ന 88ഓളം കുടുംബങ്ങൾ, കാറ്റാടി, എഴുകണ്ടി, കൊയലാട്ട് മുക്ക്, കുറുമ്പൊയിൽ ചാത്തൻവീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുളങ്ങൾ, കിണറുകൾ, പുഴ, ക്ഷേത്രം, മദ്റസ കെട്ടിടം, വാട്ടർ പൈപ്പ് ലൈനുകൾ എന്നിവയെല്ലാം ഭൂമി ഏറ്റെടുക്കുന്നതോടെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുകയെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽനിന്ന് വിട്ടുപോകുക എന്നത് അസ്സഹനീയമാണെന്നും എന്നാൽ, എയിംസ് വരുന്നത് സംസ്ഥാനത്തിന്റെയാകെയുള്ള അഭിമാനമാണെന്നുമുള്ള അഭിപ്രായവുമാണ് ചർച്ചയിൽ നാട്ടുകാർക്കിടയിൽനിന്ന് ഉണ്ടായത്.
സ്ഥലം വിട്ടുനൽകുന്നവർക്ക് ജോലിസാധ്യത ഉറപ്പാക്കണമെന്നും ഏറ്റെടുക്കാത്ത സ്ഥലത്ത് താമസിക്കുന്നവർക്ക് തങ്ങളുടെ വാസസ്ഥലത്തേക്ക് എത്താനുള്ള വഴികൾ ഇല്ലാതാക്കരുതെന്നുമുള്ള ആശങ്കകളും ചർച്ച യിൽ ഉയർന്നു. ഭൂമിയുടെ മാറിവരുന്ന വിലവർധന കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക പാക്കേജ് തയാറാക്കണമെന്ന ആവശ്യവും ചർച്ചയിലുയർന്നു.
കുറുമ്പൊയിൽ മണ്ടോത്തുമൂല ഭഗവതി ക്ഷേത്രം സാമൂഹികാഘാത പഠന റിപ്പോർട്ടിൽ ഉൾപ്പെടാത്തതിനെ കുറിച്ചും പ്രദേശത്തെ പുഴ, തോട്, മറ്റ് ജലാശയങ്ങൾ എന്നിവ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ചർച്ചയിലുയർന്നു.
ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റു വസ്തുക്കൾക്കും സർക്കാർ വ്യവസ്ഥപ്രകാരം നൽകിവരുന്ന ആനുകൂല്യങ്ങളെ കുറിച്ച് കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ മുരളീധരൻ ചർച്ചയിൽ വിശദീകരണം നടത്തി.
ഭൂമിയും വീടും മറ്റ് വസ്തുക്കളും വിട്ടുനൽകേണ്ടിവരുന്ന കുടുംബങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കുമെന്നും തഹസിൽദാർ പറഞ്ഞു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സംഗീത് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി കെ. പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ലീന, വാർഡ് അംഗങ്ങളായ ബുഷറ, കെ.ടി. നിഷ, സാജിത, കെ.പി. ശ്രീധരൻ, ചാത്തൻവീട് ചന്ദ്രൻ, ശ്യാമള, കൃഷ്ണകുമാർ കുറുമ്പൊയിൽ എന്നിവർ ചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.