ബാലുശ്ശേരി: കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിച്ചാൽ എയിംസ് കിനാലൂരിൽതന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ബാലുശ്ശേരി താലൂക്ക് ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് വഴിയും വെള്ളവും വൈദ്യുതിയുമടക്കമുള്ള സ്ഥലസൗകര്യങ്ങൾ കിനാലൂരിൽ ഒരുക്കിയിട്ടുണ്ട്.
150 ഏക്കറോളം സ്ഥലം വ്യവസായവകുപ്പിൽനിന്ന് ആരോഗ്യവകുപ്പിന് കൈമാറി. 50 ഏക്കറോളം സ്ഥലം അക്വയർ ചെയ്യാനുള്ള സമാന്തര നടപടികൾ നടന്നുവരുകയാണ്. ഏതു സ്ഥലം വേണമെന്നുള്ളത് സംസ്ഥാന സർക്കാർ തീരുമാനിച്ചു നൽകണമെന്ന് കേന്ദ്രം അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം ചെയ്തത്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രസർക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു മുന്നിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിന്റെ വർഷങ്ങളോളമുള്ള എയിംസ് എന്ന സ്വപ്നത്തെപ്പറ്റി കേന്ദ്ര ആരോഗ്യമന്ത്രിയെയും അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ധനമന്ത്രാലയത്തിലേക്ക് ഫയൽ കൈമാറിയിട്ടുണ്ടെന്നുമാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്. പക്ഷേ, തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.